അബുദാബി: പുലർച്ചെ യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ പെയ്തു. അബുദാബിയിലും അൽ ദഫ്ര, അൽ വത്ബ, അൽ ഖസ്‌ന, അൽ ഷവാമേഖ് തുടങ്ങിയ സ്ഥലങ്ങളിൽ മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. മഴ തുടര്‍ന്നേക്കാമെന്നും ആകാശം മേഘാവൃതമായിരിക്കുമെന്നും അറിയിച്ചു.
ചില തീരദേശ, തെക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് രാത്രിയോടെ മഴക്കാറുകൾ കുറയും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. രാജ്യത്ത് താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസിലേയ്ക്കും ദുബായിൽ 31 ഡിഗ്രി സെൽഷ്യസിലേയ്ക്കും മെർക്കുറി ഉയരും. എങ്കിലും അബുദാബിയിൽ 20 ഡിഗ്രി സെൽഷ്യസും ദുബായിൽ 21 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 12 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. അബുദാബിയിൽ 15 മുതൽ 70 ശതമാനം വരെയും ദുബായിൽ 30 മുതൽ 70 ശതമാനം വരെയും ആയിരിക്കും മൂടൽമഞ്ഞ്. അറേബ്യൻ ഗൾഫിൽ കടലിലെ അവസ്ഥ നേരിയതോ ഒമാൻ കടലിൽ ചിലപ്പോൾ നേരിയതോ മിതമായതോ ആയിരിക്കും.