ജെയിംസ് കൂടൽ
തെലുങ്കാനയിൽ കൈസ്തവ സഭയുടെ നിയന്ത്രണത്തിലുള്ള മദർ തെരേസ ഇംഗ്ളീഷ് മീഡിയം സ്കൂളിന് നേരെയുണ്ടായ അതിക്രമം ഒരു ജനാധിപത്യ ഭരണക്രമത്തിലുള്ള രാഷ്ട്രത്ത് ഒരിക്കലും നടക്കാനാവാത്തതാണ്. രാജ്യമൊരു പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന സമയത്ത് പോലും സംഘപരിവാർ അഴിഞ്ഞാടുന്നത് മതേതര നിലപാടുകൾക്ക് ഭീഷണിയാകുന്നതിന്റെ തെളിവാണ്. ഒന്നര പതിറ്റാണ്ടായി തെലുങ്കാനയിൽ മിഷനിറി ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിവന്ന സ്ഥാപനത്തിന്റെ സ്കൂളാണ് കാവിധാരികളുടെ ആക്രമണത്തിന് ഇരയായത്. കല്ലേറിഞ്ഞ് സ്കൂൾ തകർത്തവർ മദറിന്റെ ചിത്രങ്ങളും പ്രതിമകളും വികൃതമാക്കി. സ്ഥാപനത്തിന് നേതൃത്വം നൽകുന്ന മലയാളിയായ വൈദികനെ ആക്രമിച്ച് ജയ് ശ്രീരാം വിളിപ്പിച്ചു. ക്രൂരമായ മർദനവും വൈദികന് ഏൽക്കേണ്ടിവന്നു. സ്കൂളിൽ കാവികൊടി കെട്ടിയവർ ജയ് ശ്രീരാം എന്ന വിളിച്ചുകൊണ്ട് ആക്രമണത്തിന് ആഹ്വാനം ചെയ്തു. കവി വേഷധാരികളായ ഇരുനൂറിലധികം പേർ ആണ് വർഗീയ അധിക്ഷേപ നടത്തി ആക്രമണത്തിന് മുതിർന്നത്. ഹനുമാൻ സേനയെന്നും ശ്രീരാം സേനയെന്നും പുതിയ പേരുകൾ സ്വീകരിച്ച് ഹിന്ദുരാജ്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവർ രാജ്യത്തിന്റെ ഭരണഘടനെയും പൊതുനിയമങ്ങളെയും കശാപ്പ് ചെയ്യുന്ന കാഴ്ചയാണ് വിവിധ ഭാഗങ്ങളിൽ നാം ഇന്ന് കാണുന്നത്. ആദ്യം മുസ്ളീം വിരോധമായിരുന്നുവെങ്കിൽ ഇന്ന് അത് ക്രൈസ്തവ വിരോധമായി വളർന്നിരിക്കുന്നു. പശുവിന്റെ പേരിൽ അതിക്രമവും കൊലപാതകവും കലാപവും നടത്തിയവർ മറ്റു സമുദായങ്ങളെും ആചാരങ്ങളെയും മുറിവേൽപ്പിച്ച് രാജ്യത്തെ സമാധാനം ഇല്ലായ്മ ചെയ്യുകയാണ്. പൊതിയിടങ്ങളിൽ പോലും സംഘപരിവാർ അജണ്ട തെളിയുന്ന കാഴ്ചയാണ് ഇന്നുള്ളത്. ആപത്കരമായ ഒരു ചട്ടകൂടിലേക്ക് രാജ്യം ഒതുങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. മാനവ മൈത്രിയുടെ വെൺചാമരം വീശിയിരുന്ന നമുടെ തൃശൂർ പൂരത്തിൽ പോലും ഹിന്ദു വർഗീയതയുടെ അടയാളങ്ങൾ കടന്നുകൂടിയതായി കാണാനാകും.
മണിപ്പൂരിലും ഛത്തീസ്ഗണ്ഡിലും ആളികത്തിയ വർഗീയാഗ്നി ഇനിയും അണഞ്ഞിട്ടില്ല. കൂടുതൽ ആളിക്കത്തിക്കാനാണ് സംഘപരിവാർ നീക്കം നടക്കുന്നത്. രണ്ടായിരത്തി നാലിൽ ഇതുവരെ 162 ക്രൈസ്തവ വേട്ടകളാണ് രാജ്യത്ത് ഇതുവരെ ഉണ്ടായത്. എല്ലായിടത്തും സംഘപരിവാർ ഇടപെടലുണ്ടായി എന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ടതായ കാര്യമാകുന്നു. ബൈബിൾ കത്തിച്ചും പള്ളിത്തകർത്തും ക്രൈസ്തവ വേട്ട തുടരുമ്പോൾ രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാർ മൗനം തുടരുന്നുവെന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. തെലുങ്കാനയിൽ മദർ തെരേസാ സ്കൂൾ തകർത്തവർക്കെതിരെ ഒരു കേസും രജിസ്റ്റർ ചെയ്യാത്തതിലും നിഗൂഡതയുണ്ട്. ആക്രമണത്തിന് നേതൃത്വം നൽകിയ നാല് പേർക്കെതിരെ തെളിവു സഹിതം പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. അതേസമയം മതവികാരം വ്രണപ്പെടുത്തി എന്ന പേരിൽ സ്കൂൾ അധികൃതർക്കെതിരെ കേസും രജിസ്റ്റർ ചെയ്തു. ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇത്തരം അതിക്രമങ്ങൾ എന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് ഇത്തരം നടപടി. വിദ്യാഭ്യാസ പരമായി ഏറെ പിന്നിൽ നിൽക്കുന്ന ഇന്ത്യയിലെ ഗ്രാമീണജനതയെ ദൈവങ്ങളുടെ പേരിൽ തെറ്റിദ്ധരിപ്പിച്ച് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള തന്ത്രമാണ് മോദിയും കൂട്ടരും നടത്തുന്നത്. ഇൗ സത്യം തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ ഇന്ത്യൻ സമൂഹം രക്ഷപ്പെടു. വ്യാജ പ്രചരണങ്ങളിൽ വീഴാതെ സമഭാവനയുടെ പുതിയ ലോകം വളർന്നുവരേണ്ടിയിരിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള താത്പര്യങ്ങളെ മാറ്റി നിർത്താൻ നാം ഒരുങ്ങണം. സമാധാനം പുലരുന്ന നല്ലൊരു പുലരിക്കായി, നമുക്ക് ഉണരാം.