മുംബൈ: സംവിധായകൻ സംഗീത് ശിവന്റെ സംസ്കാരം ഇന്ന് മുബൈയിൽ നടക്കും. മുബൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെയായിരുന്നു അന്ത്യം. ദീർഘകാലമായി മുബൈയിൽ സ്ഥിര താമസമായിരുന്നു. അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ ശിവന്റെ മകനാണ് സംഗീത്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.
മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംഗീത് സംവിധാനം ചെയ്തിട്ടുണ്ട്. രഘുവരൻ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെ 1990-ല്‍ സംവിധായകനായി. തുടർന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധർവം , നിർണയം, സ്നേഹപൂർവം അന്ന തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങൾ സംഗീത് ശിവന് ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ.ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ – ജയശ്രീ മക്കള്‍ – സജന, ശന്തനു.