ന്യൂഡൽഹി: ബംഗാൾ രാഷ്ട്രീയത്തെ ഇളക്കിമറിച്ച സന്ദേശ്ഖാലി ലൈംഗികാതിക്രമത്തിൽ വീണ്ടും വഴിത്തിരിവ്. തങ്ങൾക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരിൽ രണ്ടുപേർ രംഗത്തുവന്നു. പരാതി വ്യാജമാണെന്നും വെള്ളപേപ്പറിൽ ബി.ജെ.പിക്കാർ ഒപ്പിടാൻ നിർബന്ധിക്കുകയായിരുന്നുവെന്നും സ്ത്രീകൾ വെളിപ്പെടുത്തി. തൃണമൂൽ കോൺഗ്രസിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ലൈംഗികാത്രികമം കെട്ടിച്ചമച്ചതാണെന്ന ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെയാണ് മറ്റൊരു തിരിച്ചടി.
ഫെബ്രുവരി ആദ്യവാരത്തിലാണ് തൃണമൂല്‍ കോൺഗ്രസ് (ടി.എം.സി) നേതാക്കള്‍ക്കെതിരെ സന്ദേശ്ഖാലിയിൽ സ്ത്രീകൾ തെരുവിലിറങ്ങിയത്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ടി.എം.സി നേതാവ് ഷാജഹാൻ ശൈഖിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ഭൂമി കൈയേറ്റം ആരോപിച്ച് സ്ത്രീകൾ തെരുവിലിറങ്ങിയത്. പിന്നീട് ടി.എം.സി നേതാക്കളുടെ ഭാഗത്തുനിന്നും ലൈംഗികാതിക്രമം നടന്നുവെന്ന പരാതി ഉയരുകയും പ്രധാനമന്ത്രി അടക്കമുള്ളവർ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
തൊഴിൽ പദ്ധതിയുമായി ബന്ധപ്പെട്ട പണം ലഭിക്കാത്ത പരാതി മാത്രമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും പ്രാദേശിക തൃണമൂൽ നേതാക്കൾ ബലാത്സംഗംചെയ്തതായി ആരോപിക്കുന്ന സ്ത്രീകളുടെ പട്ടികയിൽ താനും ഉണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു. വെള്ളപേപ്പറിൽ അവർ ഒപ്പിടുവിച്ചിരുന്നു. പിന്നീട് ഇതിൽ പരാതി എഴുതി ചേർക്കുകയായിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി.
അതിനിടെ, സന്ദേശ്ഖാലി വിഷയത്തില്‍ ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നൽകി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അടക്കമുള്ള നേതാക്കള്‍ക്കെതിരെയാണ് പരാതി. സന്ദേശ്ഖാലി വിഷയത്തിലെ ഗൂഢാലോചനക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഗംഗാധര്‍ കയാല്‍ വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.