വാഷിങ്ടൻ : ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയെ (52) യുഎസിനു കൈമാറിയെന്നു റിപ്പോർട്ട്. കഴിഞ്ഞ വർഷമാണു നിഖിൽ ഗുപ്ത ചെക്ക് റിപ്പബ്ലിക്കിൽ അറസ്റ്റിലായത്. തിങ്കളാഴ്ച ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കുമെന്നാണു വിവരം.
ബ്രൂക്ക്‌ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലായിരുന്നു നിഖിൽ ഗുപ്ത. ഇയാളെ യുഎസിനു കൈമാറിയെന്ന വിവരം രഹസ്യകേന്ദ്രങ്ങളെ ഉദ്ധരിച്ചു വാഷിങ്ടൻ പോസ്റ്റാണു പുറത്തുവിട്ടത്. പന്നുവിനെ വധിക്കാൻ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ നിഖിൽ വഴി പദ്ധതിയിട്ടു എന്നാണു യുഎസിന്റെ ആരോപണം. കുറ്റാരോപിതനായ നിഖിലിനെ കൂടുതൽ അന്വേഷണത്തിനായി യുഎസിനു കൈമാറാമെന്നു ചെക്ക് റിപ്പബ്ലിക് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടെങ്കിലും സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.