ജെയിംസ് കൂടൽ
മലയാള ചലച്ചിത്ര രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാൻ നിയോഗിച്ചിരുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ ഞെട്ടിയിരിക്കുകയാണ് മലയാളികൾ. സിനിമാരംഗത്ത് ഇത്രയും മോശപ്പെട്ട കാര്യങ്ങൾ നടക്കുന്നുവെന്ന് സാധാരണ ജനങ്ങൾ തിരിച്ചറിയാൻ ഇടയാക്കിഎന്നത് സിനിമാലോകത്തിനും നാണക്കേടായി മാറി. 296 പേജുള്ള റിപ്പോർട്ടിലെ 60 പേജുകൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ സിനിമാ രംഗത്തും പ്രവർത്തിക്കുന്നവർക്കും ആല്ലാതെയുള്ളവർക്കും ഇത്തരം പ്രശ്‌നങ്ങൾ നേരത്തെ അറിയാം എന്നതാണ് വസ്തുത. ഒരുപക്ഷേ, റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലാത്തതിൽ കൂടുതൽ കാര്യങ്ങൾ അറിയാവുന്നവരും ഈ രംഗത്തുണ്ട്. അവർ അത് പുറത്തു പറയാത്തതിനു കാരണം നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന ഭയത്താലാണ്. ‘സ്ത്രീകൾ സിനിമയിൽ വരുന്നത് പണമുണ്ടാക്കാനാണെന്നും അതിനാൽ അവർ എന്തിനും വഴങ്ങുമെന്നുമൊരു പൊതു ധാരണയുണ്ട്. കലയോടും അഭിനയത്തോടുമുള്ള അഭിനിവേശംകൊണ്ടും ഒരു സ്ത്രീ ഈ രംഗത്തേക്കു വരുമെന്ന് സങ്കൽപ്പിക്കാൻ പോലും സിനിമയിലെ പുരുഷന്മാർക്ക് സാധിക്കുന്നില്ല.’ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ഈ വാചകങ്ങൾ സമൂഹത്തിനാകെ നാണക്കേടായി മാറി. സ്ത്രീകളെ ചൂഷണം ചെയ്യുന്നവരിൽ നിർമ്മാതാക്കളും പ്രമുഖ നടന്മാരും മാത്രമല്ല, പ്രൊഡക്ഷൻ കൺട്രോളർമാർ വരെയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഗ്‌ളാമറും സാമ്പത്തിക വരുമാനവും മൂല്യങ്ങളുടെ വില കുറയ്ക്കാൻ പലപ്പോഴും ഇടയാക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
ലൈംഗികമായ പീഡനങ്ങൾക്കപ്പുറം സ്ത്രീകൾ നേരിടുന്ന മറ്റു പല വിവേചനങ്ങളും കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വസ്ത്രം മാറാനും മറ്റും സ്ഥലമില്ലാതിരിക്കുക, സുരക്ഷിതമല്ലാത്ത വാസകേന്ദ്രങ്ങളിൽ താമസിപ്പിക്കുക, കുറഞ്ഞ വേതനം നൽകുക തുടങ്ങിയ കാര്യങ്ങൾ സിനിമാ സംഘടനകൾക്ക് നേതൃത്വം നൽകുന്നവർ മുൻകൈയെടുത്ത് പരിഹരിക്കേണ്ടതാണ്. മിണ്ടാട്ടമില്ലാതെ താരസംഘടനകൾ പഠിച്ചിട്ട് പറയാമെന്ന വാദവുമായി ഒഴിഞ്ഞു മാറുകയാണ്. എക്‌സിക്യൂട്ടിവ് കമ്മിറ്റി കഴിഞ്ഞ് പറയാമെന്ന് ചിലപ്രമുഖർ നടൻമാർ പറയുന്നുണ്ടെങ്കിലും എന്നാണ് കമ്മിറ്റി പറയുന്നുമില്ല. റിപ്പോർട്ടിലെ ഗൗരവമേറിയ കണ്ടെത്തലിൽ അമ്മ എന്ന സംഘന ഉടനെയൊന്നും അഭിപ്രായം പറയുന്നില്ലെന്ന് വ്യക്തം. രാജ്യത്തെ നിയമങ്ങളും, മൂല്യങ്ങളും ധാർമ്മികതയും ഞങ്ങൾക്ക് ബാധകമല്ലെന്ന് ചിന്തിക്കുന്ന താരങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ് ഹേമകമ്മിറ്റി റിപ്പോർട്ട്. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസത്ത ഉൾക്കൊള്ളാതെ ഇനി അവർക്ക് മുന്നോട്ട് പോകാനാകില്ലെന്നുള്ളതാണ് വാസ്തവം.