THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, June 7, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 'പരിസ്ഥിതി ലോലവും എസ്എഫ്‌ഐയുടെ വിചിത്ര വാദവും

‘പരിസ്ഥിതി ലോലവും എസ്എഫ്‌ഐയുടെ വിചിത്ര വാദവും

ജെയിംസ് കൂടൽ

adpost

പരിസ്ഥിതിലോലമേഖല പ്രശ്‌നത്തിൽ ഇടപെടുന്നില്ലെന്ന വിചിത്രവാദമുയർത്തി രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തത് ഒരിക്കലും ന്യായികരിക്കാനാവില്ലായെന്ന് ഭരണപ്രതിപക്ഷ ഭേദമില്ലാതെ പറയുമ്പോഴും എങ്ങനെ ഇത്തരത്തിലുള്ള സംഭവങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നുവെന്നത് അന്വേഷണ വിധേയമാക്കേണ്ട കാര്യമാണ്. കോൺഗ്രസിന്റെ ദേശീയമുഖമായ രാഹുൽഗാന്ധി സി.പി.എമ്മിന് അത്ര എതിർപ്പുള്ള നേതാവൊന്നുമല്ല. എന്നിട്ടും എസ്.എഫ്.ഐക്കാർക്ക് എന്തുകൊണ്ട് രാഹുലിനൊട് ഇത്ര കലിപ്പ് എന്നത് ആർക്കും സംശയം തോന്നാവുന്ന കാര്യമാണ്. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ അറിവില്ലാതെയാണ് ഇത്തരത്തിലുള്ള സംഭവം ഉണ്ടായത് എന്നത് വിശ്വസിക്കാനുമാകില്ല. വിദ്യാർത്ഥി സമൂഹത്തിന്റെ നിരവധി പ്രശ്‌നങ്ങൾക്ക് മുൻ നിരയിൽ നിന്ന പ്രസ്ഥാനം എന്ന നിലയിൽ എസ്.എഫ്.ഐക്ക് സമീപകാലത്ത് ഉണ്ടായ ജനകീയത ഈ ഒരു വിഷയത്തിൽ പൂർണമായും ഇല്ലാതായി എന്ന് വേണം കരുതാൻ. സി.പി.എം നേതാക്കളുടെ പരിഭ്രാന്തി പൂണ്ട പ്രതികരണങ്ങളും കൈ കഴുകലുകളും അതാണ് സൂചിപ്പിക്കുന്നത്.

adpost

മുന്നൂറോളം പേർ വരുന്ന സംഘമാണ് മാർച്ച് നടത്തിയെത്തി എം.പിയുടെ ഓഫീസ് തല്ലിതകർത്തത്. രണ്ട് ജീവനക്കാരെ മർദ്ദിക്കുകയും മഹാത്മാഗാന്ധിയുടെ ചിത്രം തല്ലിത്തകർത്ത് നിലത്തിടുകയും ചെയ്തു. ഏകദേശം രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടവും വരുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. പെൺകുട്ടികൾ ഉൾപ്പെടെ വലിയ ഒരു സംഘം എം.പിയുടെ ഓഫീസ് ലക്ഷ്യമാക്കി പ്രതിഷേധ മുദ്രവാക്യം മുഴക്കി പാഞ്ഞുഅടുത്തിട്ടും പൊലീസ് നിഷ്‌ക്രിയരായതും സംശയങ്ങൾക്ക് ഇടനൽകുന്നതാണ്. എസ്.പി ഓഫീസിന് മുന്നൂറ് മീറ്റർ മാത്രം അകലെ ഇത്തരത്തിൽ അക്രമം അരങ്ങേറിയിട്ടും പ്രതിഷേധക്കാരെ തടയാൻ പത്തു പൊലീസുകാർ തികച്ചില്ലായിരുന്നുവെന്നതിന് പിന്നിൽ ഗൂഢാലോചനയുള്ളതായി പ്രതിപക്ഷം സംശയിക്കുന്നതിലും കുറ്റം പറയാനാകില്ല. പൊലീസിന് അക്രമം തടയാൻ കഴിയാതിരുന്നത് നിർഭാഗ്യകരമാണ്. എസ്.എഫ്.ഐ അക്രമത്തെ സി.പി.എമ്മും മുഖ്യമന്ത്രിയും അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്‌തെങ്കിലും എന്തായിരുന്നു ഇങ്ങനെയൊരു പ്രതിഷേധത്തിന്റെ വികാരം എന്ന് ഇനിയും വെളിപ്പെടേണ്ടതുണ്ട്. സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലോടെ ആരോപണ വിധേയനായ മുഖ്യമന്ത്രിക്ക് എതിരെ നാലുദിക്കിൽ നിന്നും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് എസ്.എഫ്.ഐയുടെ പരിസ്ഥിതി ലോല വെളിപ്പാട് നാം കണ്ടത്. ബഫർ സോണിൽ എം.പി ഇടപെടുന്നില്ലായെന്ന് വിദ്യാർത്ഥി സംഘടന ആശങ്കപ്പെട്ട് അർമാതിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ വിഷയത്തിലെ ഇടപെടലുകൾ വിസ്മരിക്കപ്പെട്ടുപോയോ. പരിസ്ഥിതിലോല മേഖല ഒരു പ്രശ്‌നമായി ഉയർന്നുവന്നപ്പോൾ തന്നെ ആശങ്ക പ്രകടിപ്പിച്ച അപൂർവം നേതാക്കളിൽ ഒരാളായിരുന്നു രാഹുൽ. ഇത് വ്യക്തമാക്കി അദ്ദേഹം പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനും കത്തുകളുമയച്ചിരുന്നു. എന്നാൽ ഇതൊന്നും അറിയാതെ പോക്കിരികൂട്ടങ്ങളെ പോലെ വിദ്യാർത്ഥി സംഘടന പ്രവർത്തകർ ഉറഞ്ഞുതുള്ളുകയായിരുന്നു. സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് മാത്രമേ ഈ സംഭവത്തെ കുറിച്ച് പറയാനാകു.

നാഷണൽ ഹെറാൾഡ് കേസിൽ എൻഫയോഴ്‌സ് ഡയറക്ടറേറ്റ് നിരന്തരം ചോദ്യം ചെയ്യുന്നതിനിടെയാണ് രാഹുൽ ഗാന്ധിക്ക് നേരെ സി.പി.എം നേതൃത്വം നൽകുന്ന വിദ്യാർത്ഥി സംഘടന ഭീഷണിയുടെ ശബ്ദങ്ങൾ മുഴക്കുന്നത് എന്നതും വിചിത്രമാണ്. കേന്ദ്രസർക്കാർ നയങ്ങളെ ഒരേ പക്ഷത്തു നിന്ന് എതിർക്കുമ്പോഴും കൂട്ടത്തിൽ നിന്ന് ചവിട്ടി വീഴ്ത്തുന്ന നയമാണ് എസ്.എഫ്.ഐ സ്വീകരിച്ചതെന്ന് വ്യക്തം.

എതിർക്കുന്നവരെ കേന്ദ്ര ഏജൻസികളെ കൊണ്ട് കേസിൽ പെടുത്തി ഒതുക്കുന്ന കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ഭീകര രാഷ്ട്രീയത്തിനെതിരെ ഒരുപോലെ ശബ്ദം ഉയർത്തുന്നവരാണ് കോൺഗ്രസും സി.പി.എമ്മും. രാഹുൽ ഗാന്ധിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര ഏജൻസികൾക്കെതിരെ ശബ്ദിക്കേണ്ട നിമിഷത്തിൽ ഒന്നു അപലപിക്കപ്പോലും ചെയ്യാതെ എം.പിയാണ് പ്രശ്‌നക്കാരൻ എന്ന മട്ടിൽ ചിത്രീകരിച്ച് ജനത്തിന്റെ കണ്ണിൽ പൊടിയുടുന്ന നെറികെട്ട രാഷ്ട്രീയം കളിക്കാനാണ് കേരളത്തിലെ പ്രബല ശക്തി ശ്രമിച്ചതെന്നത് ജീർണതയാണ്. ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു മാർച്ചിന്റെ കാര്യം ഇല്ലായിരുന്നുവെന്ന് സി.പി.എം നേതാവ് ഇ.പി. ജയരാജൻ പറയുമ്പോൾ, ആവാക്കുകളിലെ സത്യാവസ്ഥ എങ്ങനെ തിരിച്ചറിയപ്പെടും. ഒരു കാര്യം ഇല്ലാതെ നടന്ന മാർച്ചും അക്രമവും എന്ന തരത്തിൽ കാര്യങ്ങൾ പറഞ്ഞ് തടിത്തപ്പുന്നവർ ഓർക്കേണ്ട ചില വസ്തുതകളുണ്ട്. എസ്.എഫ്.ഐ എന്നത് സി.പി.എമ്മിന്റെ കൈപ്പിടിച്ചു നടക്കുന്നവർ ആണെന്നത് വിസ്മരിക്കാനാകില്ല. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നെഴുതിയ കൊടിയുമായി എത്തുന്നവർ ആക്രമികാരികൾ ആയി മാറിയാൽ അതിന് മറുപടി നൽകേണ്ട കടമ സി.പി.എമ്മിന് തന്നെയാണ്. ഒഴിഞ്ഞുമാറിയാൽ ഒരുഅറ്റത്തും എത്തത്തുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com