തെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ പാകിസ്താനെ മധ്യസ്ഥനായി അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഇറാൻ. പാകിസ്താൻ എപ്പോഴും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ താൽപ്പര്യങ്ങൾക്കൊപ്പമാണെന്നും അമേരിക്കയുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി അവർ ഒന്നും ചെയ്യില്ലെന്നും ഇറാന്റെ ദേശീയ സുരക്ഷാ-വിദേശനയ കമീഷൻ വക്താവും എം.പിയുമായ ഇബ്രാഹിം റെസായി ആരോപിച്ചു.
എക്സിലൂടെയായിരുന്നു റെസായിയുടെ പ്രതികരണം. പാകിസ്താൻ നല്ലൊരു സുഹൃത്തും അയൽരാജ്യവുമാണെങ്കിലും ചർച്ചകൾക്ക് നേതൃത്വം നൽകാൻ ആവശ്യമായ വിശ്വാസ്യത അവർക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. “പാകിസ്താൻ ഞങ്ങളുടെ നല്ലൊരു സുഹൃത്തും അയൽരാജ്യവുമാണ്. എന്നാൽ ചർച്ചകൾക്ക് അനുയോജ്യമായ ഒരു മധ്യസ്ഥനല്ല അവർ. മധ്യസ്ഥത വഹിക്കാൻ ആവശ്യമായ വിശ്വാസ്യത അവർക്കില്ല. അവർ എപ്പോഴും ട്രംപിന്റെ താൽപ്പര്യങ്ങളാണ് കണക്കിലെടുക്കുന്നത്, അമേരിക്കക്കാരുടെ ഇഷ്ടത്തിന് വിരുദ്ധമായി അവർ ഒന്നും സംസാരിക്കാറില്ല.
ഉദാഹരണത്തിന്, പാകിസ്താന്റെ നിർദേശം അമേരിക്ക ആദ്യം അംഗീകരിച്ചെന്നും പിന്നീട് ആ വാക്കിന് വിരുദ്ധമായി പ്രവർത്തിച്ചെന്നും ലോകത്തോട് പറയാൻ അവർ തയാറല്ല. ലബനാൻ വിഷയത്തിലോ മരവിപ്പിച്ച ആസ്തികളുടെ കാര്യത്തിലോ അമേരിക്കക്കാർക്ക് ചില ബാധ്യതകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അവ പാലിച്ചില്ലെന്നും അവർ പറയുന്നില്ല. ഒരു മധ്യസ്ഥൻ നിഷ്പക്ഷനായിരിക്കണം. അല്ലാതെ എപ്പോഴും ഒരു വശത്തേക്ക് മാത്രം ചായ്വ് കാണിക്കുന്നവരാകരുത്” -റസായി കുറിച്ചു.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താൻ സന്ദർശിച്ച് ചർച്ചകൾ സജീവമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദം. പാക് സൈനിക മേധാവി ജനറൽ അസിം മുനീർ, പ്രധാനമന്ത്രി ശഹബാസ് ശരീഫ് എന്നിവരുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹുർമുസ് കടലിടുക്കിന്റെ സുരക്ഷ, ഉപരോധങ്ങൾ നീക്കൽ, ആണവ കരാർ തുടങ്ങിയ കാര്യങ്ങളിലായിരുന്നു ചർച്ചകൾ. ഒമാനിലെ സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അരാഗ്ചി പാകിസ്താനിലെത്തിയത്.



