കിഴക്കൻ പാകിസ്താനിൽ വെന്നിക്കൊടി പാറിച്ച് ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യം രൂപീകരിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യൻ സൈനികരുടെ ധീരതയും ത്യാഗവും ഇന്ദിരാഗാന്ധിയെന്ന ഭരണാധികാരിയുടെ ഇച്ഛാശക്തിയുമുണ്ടായിരുന്നു. എന്നാൽ, പഴയതെല്ലാം മറന്ന്, പാകിസ്താനുമായി കൂടുതൽ അടുത്ത്, ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ് ബംഗ്ലാദേശ്. പാകിസ്താനുമായുള്ള വിസാ നടപടികൾ ലഘൂകരിച്ചുകൊണ്ടുള്ള ബംഗ്ലാദേശിന്റെ പ്രഖ്യാപനം ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ പുതിയ സുരക്ഷാ വെല്ലുവിളികൾ തീര്‍ക്കുകയാണ്. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് തീവ്രവാദ സംഘടനകൾ മേഖലയിൽ കടന്നുകയറുമോയെന്ന് ഭയക്കേണ്ടതുണ്ട്. പാക് ചാര സംഘടന ഐ.എസ്.ഐ, മേഖലയിൽ സാന്നിധ്യമുറപ്പിച്ചോ എന്നത് ഇന്ത്യയുടെ തലക്കുമുകളിൽ ഒരു വാളായി നിൽക്കുകയാണ്.
പാകിസ്താൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി സർവീസസ് ഡിവിഷനിൽ നിന്ന് സുരക്ഷാ ക്ലിയറൻസ് നേടേണ്ടതില്ലെന്നാണ് ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇക്കഴിഞ്ഞ ഡിസംബർ രണ്ടിന് പ്രഖ്യാപിച്ചത്. ബംഗ്ലാദേശിലെ പാകിസ്താൻ ഹൈക്കമ്മീഷണർ സയ്യിദ് അഹമ്മദ് മറൂഫ് ധാക്കയിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് ഖാലിദ സിയയെ കാണുന്നതിന് മുന്നോടിയായായിരുന്നു നിര്‍ണായക നീക്കം. സുരക്ഷാ നടപടികളുടെ ഭാഗമായി 2019-ലാണ് വിസാ ചട്ടങ്ങളിൽ നിയന്ത്രണം കൊണ്ടുവന്നത്.
1971-ലെ ബംഗ്ലാദേശ് യുദ്ധത്തിലേറ്റ മുറവായിരുന്നു ബംഗ്ലാദേശും പാകിസ്താനും തമ്മിലുള്ള അകല്‍ച്ചയുടെ മൂലകാരണം. ഷെയ്ഖ് ഹസീനയുടെ കാലത്ത് പാകിസ്താനെ ബംഗ്ലാദേശ് പരമാവധി അകറ്റി നിര്‍ത്തുകയും ഇന്ത്യയോട് കൂടുതൽ കൂറ് പുലര്‍ത്തുകയും ചെയ്തിരുന്നു. എന്നാൽ ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി എന്നും പാകിസ്താനോടായിരുന്നു കൂടുതൽ ചായ്വു കാട്ടിയിട്ടുള്ളത്. ഒന്നിലേറെ തവണ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം വഹിച്ചയാളാണ് ഖാലിദ സിയ. സിയയുടേയും, ഭര്‍ത്താവും അന്തരിച്ച മുൻ ബംഗ്ലാദേശ് പ്രസിഡന്റുമായ സിയാവുർ റഹ്മാൻ്റെയും രാഷ്ട്രീയ നിലപാടുകൾ ഇസ്ലാമാബാദുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതായിരുന്നു. ഷെയ്ഖ് ഹസീന സര്‍ക്കാറിനെ താഴെയിറക്കുന്നതിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് പാക് ഐ.എസ്.ഐയുടെ സഹായം ലഭിച്ചെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ള കലാപകാരികളുടെ സുരക്ഷിത താവളമായി ബംഗ്ലാദേശ് ഒരിക്കല്‍ക്കൂടി മാറുമോ എന്ന ആശങ്ക അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നേരത്തേ പങ്കുവെച്ചിരുന്നു. ഷെയ്ഖ് ഹസീനയുടെ കാലത്ത് വടക്കുകിഴക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന എല്ലാ വിമത ഗ്രൂപ്പുകളേയും തുരത്തിയിരുന്നു. അതിനാല്‍, നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യേകിച്ച് അസമിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജാഗ്രത പുലർത്തുന്നതായി റിപ്പോർട്ടുകളുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് പാകിസ്താൻ പൗരന്മാർ സുരക്ഷാ ക്ലിയറൻസ് നേടണമെന്ന വ്യവസ്ഥ ഒഴിവാക്കാനുള്ള ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻ്റെ തീരുമാനം കൂടുതൽ ആശങ്ക ജനിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ നവംബറിൽ പാകിസ്താനില്‍നിന്നുള്ള ഒരു ചരക്കുകപ്പല്‍ ബംഗ്ലാദേശിന്റെ തെക്കു-കിഴക്കന്‍ തീരത്ത് നങ്കൂരമിട്ടിരുന്നു. പാനമയുടെ പതാകവെച്ച യുവാന്‍ സിയാങ് ഫാ സാന്‍ എന്ന കപ്പലാണ് കറാച്ചിയില്‍നിന്ന് ചിറ്റഗോംഗ് തുറമുഖത്തെത്തിയത്. അഞ്ച് പതിറ്റാണ്ടിനിടെ ഒരു കപ്പല്‍ പാകിസ്താനിൽ നിന്ന് നേരിട്ട് ബംഗ്ലാദേശിലെത്തുന്നത് ഇത് ആദ്യത്തെ സംഭവമായിരുന്നു. പാക് ഉത്പന്നങ്ങളുടെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് പിന്നാലെയായിരുന്നു ഇത്. അതിര്‍ത്തിയില്‍ ബംഗ്ലാദേശ് പരിശോധനകള്‍ കുറയ്ക്കുന്നത് അനധികൃത ആയുധങ്ങളുടെയും മയക്കുമരുന്നുകളുടേയും നീക്കം സുഗമമാക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
അതിനിടെ, ബംഗ്ലാദേശ് ഇടക്കാല സർക്കാരിലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ഡി-8 ഉച്ചകോടിയുടെ ഭാഗമായി ഈജിപ്തിലെ കെയ്റോയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടും വന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയെ പിണക്കി ബംഗ്ലാദേശിന് മുന്നോട്ട് പോകാനാവില്ല. സാമ്പത്തികമായും വിഭവങ്ങളായും സുരക്ഷാകാര്യങ്ങളിലും ഇന്ത്യയുടെ സഹായം ആവശ്യമാണ് ബംഗ്ലാദേശിന്. എന്നാൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യൂനസ് ഇതുവരെ കൂടിക്കാഴ്ചയ്ക്ക് മുതിര്‍ന്നിട്ടില്ലെന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
1971-ലെ പ്രശ്നങ്ങൾ എന്നെന്നേക്കുമായി പരിഹരിച്ച് മുന്നോട്ടുപോകണമെന്നാണ് ബംഗ്ലാദേശ് പാകിസ്താനോട് ആവശ്യപ്പെടുന്നത്. ബംഗ്ലാദേശുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ പാകിസ്താൻ ആഗ്രഹിക്കുന്നുണ്ടെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും യൂനസിനോട് വ്യക്തമാക്കിയിട്ടുണ്ട്. യൂനസിനെ പാകിസ്താൻ സന്ദർശിക്കാൻ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. ഇത്തരം നിര്‍ണായക നീക്കങ്ങൾ ഇന്ത്യൻ നയതന്ത്രജ്ഞരും സുരക്ഷാ ഉദ്യോഗസ്ഥരും സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.