വാഷിംഗ്ടണ്‍: അമേരിക്കയുടെ വിദേശ സഹായ ഏജന്‍സിയായ യുഎസ്എഐഡി (യുഎസ് ഏജൻസി ഫോർ ഇന്‍റര്‍നാഷണല്‍ ഡെവലപ്മെന്‍റ്) അടച്ചുപൂട്ടുമെന്ന സൂചന നൽകി ഇലോൺ മസ്ക്. അറ്റകുറ്റപ്പണികള്‍ക്ക് അപ്പുറമാണ് ഏജൻസിയുടെ പ്രവര്‍ത്തനങ്ങളെന്ന് മസ്ക് എക്സിൽ കുറിച്ചു. അടച്ചുപൂട്ടുന്നതിനെ ട്രംപ് പിന്തുണക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
ഏജന്‍സിയിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ട്രംപ് ഭരണകൂടം അവധിയില്‍ വിട്ടിരിക്കുകയാണ്. കൂടുതൽ മാര്‍ഗ നിര്‍ദേശങ്ങള്‍ വഴിയെ നല്‍കാമെന്ന് മെയിലില്‍ പറയുന്നു. നിരവധി വിദേശ സഹായ പരിപാടികള്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ട്രംപ് ഭരണകൂടം യുഎസ്എഐഡിയുടെ പ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്നും യുഎസ് താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും വാദിക്കുന്നു. യുഎസ്എഐഡി ഒരു കൂട്ടം തീവ്രവാദികളാൽ നിയന്ത്രിക്കപ്പെടുന്നു. ഞങ്ങൾ അവരെ പുറത്താക്കുകയാണെന്നാണ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചത് .



