ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുമെന്ന് റിപ്പോർട്ട്. ഈ മാസം 12നാണ് മോദി അമേരിക്കയിലെത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വാഷിങ്ടണ്‍ ഡിസിയില്‍ കൂടിക്കാഴ്ച നടത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അനധികൃത കുടിയേറ്റ വിഷയമടക്കമുള്ളവ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.
ട്രംപ് അധികാരമേറ്റശേഷം ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേയുള്ള നടപടികളെ സംബന്ധിച്ചാണ്. ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നയപരമായ ചര്‍ച്ചകള്‍ നടത്തും. വ്യാപാരം, പ്രതിരോധം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ച നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വ്യാപാരം, ഊര്‍ജം, പ്രതിരോധം എന്നിവയില്‍ അമേരിക്ക-ഇന്ത്യ സഹകരണം വര്‍ധിപ്പിക്കുന്നതില്‍ ഇരു രാജ്യങ്ങളും പ്രവര്‍ത്തിക്കുമെന്ന് ജനുവരി 27ന് ട്രംപും മോദിയും ഫോണ്‍ മുഖാന്തരം നടത്തിയ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു. ട്രംപ് രണ്ടാമത് അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയായിരിക്കും ഇത്. ട്രംപ് അധികാരത്തില്‍ വന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പോകുന്ന ചുരുക്കം ചില നേതാക്കളിലൊരാളാണ് മോദി.
ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമായിരിക്കും മോദി അമേരിക്കയിലെത്തുക. രണ്ട് ദിവസം അവിടെ തങ്ങുന്ന മോദിക്ക് വൈറ്റ്ഹൗസ് സന്ദര്‍ശനമടക്കം മറ്റ് ഔദ്യോഗിക പരിപാടികളുമുണ്ട്. മോദിക്ക് വൈറ്റ് ഹൗസില്‍ അത്താഴവിരുന്നൊരുക്കുമെന്നും സൂചനയുണ്ട്. ഈ മാസം 10, 11 തീയ്യതികളിലാണ് മോദി ഫ്രാന്‍സ് സന്ദര്‍ശിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഫ്രാന്‍സ് സന്ദര്‍ശിക്കുന്നത്.