ന്യൂഡൽഹി: യുഎസും ചൈനയും തമ്മിലുള്ള താൽക്കാലിക വ്യാപാരക്കരാർ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ഇടക്കാലത്തേക്കു ലഭിച്ച മേൽക്കൈ നഷ്ടമാക്കും. ചൈനയ്ക്കു ഭീമമായ തീരുവ ബാധകമായിരുന്നതിനാൽ അവിടത്തെ പല കമ്പനികളും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ കമ്പനികളിലേക്ക് ഉൽപാദനം മാറ്റുന്നതിനുള്ള പ്രാരംഭ ആലോചനകൾ നടത്തിയിരുന്നു. ചൈനയ്ക്കു മേൽ തീരുവ ഉയരുന്നത് ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലേക്കു കൂടുതൽ നിക്ഷേപം വരാൻ ഇടയാക്കുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ.
എന്നാൽ ട്രംപിന്റെ പ്രവചനാതീതമായ നീക്കങ്ങൾക്കനുസരിച്ച് വ്യവസായികൾക്കും രാജ്യങ്ങൾക്കും അടിക്കടി തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നതാണ് യുഎസ്–ചൈന ധാരണ. ചൈനയ്ക്ക് ഉയർന്ന തീരുവ ബാധകമാകുന്നത് ഇന്ത്യൻ ഉൽപന്നങ്ങളെ മറ്റ് വിപണികളിൽ കൂടുതൽ ആകർഷകമാക്കുമായിരുന്നു. തീരുവ ഗണ്യമായി കുറഞ്ഞതോടെ നേരിയ മേൽക്കൈ മാത്രമേ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ലഭിക്കൂ.
ചൈനീസ് ഉൽപന്നങ്ങൾ വിപണിയിലേക്ക് വൻതോതിൽ തിരിച്ചെത്തുകയും ചെയ്യും. പകരം തീരുവ 90 ദിവസത്തേക്കു വെട്ടിക്കുറയ്ക്കാനാണ് ഇരുരാജ്യങ്ങളും തമ്മിൽ തീരുമാനിച്ചിരിക്കുന്നത്. ‘പകരം തീരുവ’യിൽ നിന്ന് സ്മാർട്ഫോണുകളെയും കംപ്യൂട്ടറുകളെയും യുഎസ് മുൻപ് തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഈ രംഗത്ത് ചൈനയെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ലഭിക്കുന്ന മേൽക്കൈ ഇപ്പോഴും തുടരുമെന്നതാണ് ആശ്വാസം. ഫെന്റാനിൽ കടത്ത് ആരോപിച്ച് യുഎസ് ചൈനയ്ക്കു മേൽ ചുമത്തിയ 20% തീരുവ തുടരും. അതായത് ചൈനയിൽ നിന്നുള്ള സ്മാർട്ഫോണുകൾക്ക് 20% തീരുവ നിലനിൽക്കും.
ഇന്ത്യയുടെയും മറ്റും പകരം തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നതിനാൽ ഇന്ത്യയിൽ നിന്ന് കയറ്റിയയയ്ക്കുന്ന സ്മാർട്ഫോണുകളെക്കാൾ 20% ഉയർന്ന വിലയ്ക്കു മാത്രമേ ചൈനയിൽ നിന്നുള്ള സ്മാർട്ഫോണുകൾ യുഎസിൽ വിൽക്കാൻ കഴിയൂ.



