വാഷിങ്ടൺ ഡിസി: ദോഹയിൽ നടത്തിയ ആക്രമണത്തിന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ-താനിയെ വിളിച്ച് മാപ്പ് പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വാഷിംഗ്ടണിൽ വെച്ച് നെതന്യാഹു കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഖത്തറിലേക്ക് വിളി ചെന്നത്. ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിലും ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിലും നെതന്യാഹു ഖേദം പ്രകടിപ്പിച്ചു.
ആക്രമണത്തെത്തുടർന്ന് ഹമാസുമായുള്ള മധ്യസ്ഥ ചർച്ചകളിൽ നിന്ന് ഖത്തർ വിട്ടുനിന്നിരുന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള സമാധാന കരാർ അന്തിമമാക്കുന്നതിനുള്ള ശ്രമങ്ങൾക്കിടെയാണ് ഈ ക്ഷമാപണം വരുന്നത്. ഈ സമയത്ത് ഖത്തറിൽ നിന്നുള്ള ഒരു സംഘവും വൈറ്റ് ഹൗസിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
നെതന്യാഹു അൽ-താനിയോട് ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിന് മാപ്പ് പറഞ്ഞതായും, ദോഹയിൽ സെപ്റ്റംബർ 9ന് നടന്ന ആക്രമണത്തിൽ ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ചതായും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആതിഥേയത്വം സ്വീകരിക്കുന്നതിനിടെയാണ് നെതന്യാഹു അൽ-താനിയുമായി ഫോണിൽ സംസാരിച്ചത്. ഈ സംഭാഷണം ഏതാനും മിനിറ്റുകൾ നീണ്ടുനിന്നു.
ഈ മാസം ആദ്യത്തിലാണ് ഇസ്രായേൽ ഖത്തറിലെ ദോഹയിലുള്ള ഹമാസ് ആസ്ഥാനത്ത് ആക്രമണം നടത്തിയത്. മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു.



