ഷാർജ: ടിക്കറ്റെടുക്കുന്നവർക്ക് നിരക്കിളവ് പ്രഖ്യാപിച്ച് ഷാർജയുടെ വിമാനകമ്പനിയായ എയർ അറേബ്യ. 139 ദിർഹത്തിന് വരെ വിവിധ കേന്ദ്രങ്ങളിലേക്ക് ടിക്കറ്റ് ലഭ്യമായിരിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു. എയർ അറേബ്യ പുതുതായി ഓർഡർ ചെയ്ത 120 എയർബസ് വിമാനങ്ങളിൽ ആദ്യത്തേത് കൈപറ്റിയതായും കമ്പനി അറിയിച്ചു.
ഇന്ന് മുതൽ അടുത്തമാസം 12 വരെ എയർ അറേബ്യയിൽ ടിക്കറ്റെടുക്കുന്നവർക്കാണ് നിരക്കിളവ് ലഭ്യമാവുക. അടുത്തവർഷം ഫെബ്രുവരി 17 നും ഒക്ടോബർ 24 നുമിടെ നടത്തുന്ന യാത്രക്കായിരിക്കണം ഈ ടിക്കറ്റുകൾ. എയർ അറേബ്യ സർവീസ് നടത്തുന്ന മുഴുവൻ സെക്ടറിലേക്കും സൂപ്പർ സീറ്റ് സെയിൽ ആനുകൂല്യം ലഭ്യമായിരിക്കും. അബൂദബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് എയർ അറേബ്യ സർവീസ് നടത്തുന്നുണ്ട്.
ഷാർജ വിമാനത്താവളത്തിൽ നടന്ന ചടങ്ങിലാണ് പുതിയ എയർബസ് എ 320 നിയോ പുതിയ വിമാനം എയർ അറേബ്യ കൈപറ്റിയത്. ഒക്ടോബർ ഒന്ന് മുതൽ പുതിയ വിമാനം സർവീസ് ആരംഭിക്കും. നിലവിൽ 83 എയർബസ് എ. 320 വിമാനങ്ങൾ എയർ അറേബ്യക്കുണ്ട്. 73 A320 നിയോ വിമാനങ്ങൾ, 27 A321നിയോ, 20 A321എക്സ.എൽ.ആർ വിമാനങ്ങൾ എന്നിവ പുതിയ ഓർഡറിൽ ഉൾപ്പെടുന്നുണ്ട്. ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു



