വാഷിങ്ടൻ : റഷ്യയിൽ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് ദീർഘദൂര ടോമഹോക് മിസൈൽ നൽകണമെന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ ആവശ്യം പരിഗണിച്ചുവരികയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. ഇക്കാര്യത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈകാതെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2500 കിലോമീറ്റർ പരിധിയുള്ളതാണ് ടോമഹോക് മിസൈൽ. മറ്റു ചില യൂറോപ്യൻ രാജ്യങ്ങളും ടോമഹോക് മിസൈൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടോമഹോക് ലഭിച്ചാൽ മോസ്കോ യുക്രെയ്നിന്റെ ആക്രമണപരിധിയിലാകും. നേരത്തെ യുക്രെയ്ൻ ഈ ആവശ്യം ഉന്നയിച്ചപ്പോൾ ട്രംപ് തള്ളിക്കളഞ്ഞിരുന്നു. സമാധാനത്തിനുള്ള ട്രംപിന്റെ ആഹ്വാനം റഷ്യ നിരസിച്ചതോടെയാണ് ടോമഹോക് നൽകുന്നത് പരിഗണിക്കുന്നത്.
യുഎസ് നീക്കം സൂക്ഷ്മമായി പരിശോധിക്കുമെന്ന് റഷ്യ പ്രതികരിച്ചു. യുക്രെയ്നിനു ടോമഹോക് നൽകിയാൽ അവ പ്രയോഗിക്കുക യുക്രെയ്ൻ സൈനികരാണോ യുഎസ് സൈനികരാണോ എന്നു വ്യക്തമാക്കണമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ഏത് ആയുധം വന്നാലും യുക്രെയ്ൻ യുദ്ധത്തിന്റെ സ്ഥിതി മാറില്ലെന്നും അദ്ദേഹം പറഞ്ഞു.



