പറ്റ്ന: ബിഹാറിലെ അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. തീവ്ര പരിഷ്കരണത്തിനു ശേഷമുള്ള പട്ടികയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടുക. കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 65 ലക്ഷം പേരെയാണ് കമ്മീഷൻ വെട്ടി മാറ്റിയത്. ഒക്ടോബർ ഏഴിനാണ് എസ്ഐആറുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രിം കോടതി വാദം കേൾക്കുക.
ബിഹാറിൽ വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണത്തിനെതിരെ വ്യാപക പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്തിമ വോട്ടർ പട്ടിക ഇന്ന് പുറത്തിറക്കുന്നത്. നവംബർ 22ന് നിയമസഭയുടെ കാലാവധി കഴിയുന്ന പശ്ചാത്തലത്തിൽ വോട്ടെടുപ്പ് തിയതി ഉടൻ പ്രഖ്യാപിക്കും എന്നാണ് സൂചന. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഒക്ടോബർ ആദ്യവാരം ബിഹാർ സന്ദർശിക്കുന്നുണ്ട്. തീവ്ര വോട്ടർപട്ടിക പുനഃപരിശോധനയിലൂടെ 65 ലക്ഷത്തിലധികം വോട്ടർമാരാണ് പുറത്തായത്. തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച 7 കോടി 23 ലക്ഷത്തോളം വോട്ടർമാരുടെ അപേക്ഷകളിൽ 35 ലക്ഷം വോട്ടർമാരെ അനധികൃത കുടിയേറ്റക്കാരെന്ന പേരിലാണ് പുറത്താക്കിയത്.
7 ലക്ഷം വോട്ടർമാർ രണ്ടോ അതിലധികമോ സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണന്നും കാട്ടിയാണ് പേരുകൾ വെട്ടിയത്. മരണപ്പെട്ട 22 ലക്ഷം പേരുടെ പേരുകളും ഒഴിവാക്കിയിരുന്നു. എന്നാൽ ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കാനുള്ള ശ്രമം ആണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. എസ്ഐആറുമായി ബന്ധപ്പെട്ട ഹരജികൾ ഏഴാം തീയതിയാണ് സുപ്രിം കോടതി തുടർ വാദം കേൾക്കുന്നത്. അതേസമയം സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കി വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് പാർട്ടികളും മുന്നണികളും.



