വാഷിംഗ്ടൺ: അമേരിക്കയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടരാജി ഇന്ന്. ഒറ്റദിവസം (സെപ്റ്റംബർ 30) സർക്കാർ സർവീസിൽ നിന്നും കൂട്ട രാജി വെക്കുന്നത് ഒരു ലക്ഷം പേരാണ്. വിവിധ വകുപ്പുകളുടെ പുനഃസംഘടനയുടെയും ചെലവുചുരുക്കലിന്റെയും ഭാഗമായി ട്രംപ് ഭരണകൂടം നടപ്പാക്കുന്ന ‘‘ഡിഫറഡ് റെസിഗ്നേഷൻ ഓഫർ’ പദ്ധതിപ്രകാരമാണ് കൂട്ടരാജി. ട്രംപ് ഭരണകൂടം തുടരുന്ന കടുത്ത ഭരണ-സാമ്പത്തിക വെട്ടിക്കുറയ്ക്കലുകൾ അമേരിക്കയിലെ സർക്കാർ ജീവനക്കാരുടെ ഇടയിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഗവൺമെന്റിന്റെ ചെലവുകൾക്കുള്ള ഫണ്ട് ഉറപ്പാക്കാനുള്ള ബിൽ പാസാക്കാൻ എതിർപക്ഷമായ ഡെമോക്രാറ്റുകൾ വിമുഖത കാട്ടുന്നത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.
ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച പുതിയ സാമ്പത്തിക നയം പ്രകാരം നിരവധി ഫെഡറൽ വകുപ്പുകളിലും ഏജൻസികളിലും വൻ തോതിൽ ബജറ്റ് വെട്ടിക്കുറച്ചിട്ടുണ്ട്. ഇതിനൊപ്പം, ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും കുറയ്ക്കുന്നതടക്കമുള്ള നടപടികൾ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് സ്വയം വിരമിക്കൽ പദ്ധതി നടപ്പിലാക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയും പേർ ഫെഡറൽ സർവീസിൽ നിന്ന് രാജിവയ്ക്കുന്നത്.



