ദുബായ് : എമിറേറ്റ്സ് വിമാനങ്ങളിൽ പുതുക്കിയ പവർ ബാങ്ക് നിയമം പ്രാബല്യത്തിൽ. നിശ്ചിത മാനദണ്ഡം പാലിക്കുന്ന ഒരു പവർബാങ്ക് ഹാൻഡ് ബാഗേജിൽ വയ്ക്കാം. എന്നാൽ വിമാന യാത്രയ്ക്കിടയിൽ പവർ ബാങ്ക് ഉപയോഗിക്കാൻ പാടില്ല. ചെക്ക് ഇൻ ബാഗേജിൽ പവർബാങ്ക് പാടില്ലെന്നും കർശന നിർദേശമുണ്ട്. 100 വാട്ട് മണിക്കൂറിൽ താഴെയുള്ള ശേഷിയുള്ള ഒരു പവർ ബാങ്ക് കൈവശം വയ്ക്കാനാണ് അനുമതി. വിമാനത്തിലെ വൈദ്യുതി സംവിധാനം ഉപയോഗിച്ച് പവർബാങ്ക് ചാർജ് ചെയ്യാനും പാടില്ല.
യാത്രയ്ക്കു മുൻപ് ഫോണിലും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലും മതിയായ ചാർജുണ്ടെന്ന് ഉറപ്പാക്കണമെന്നും സൂചിപ്പിച്ചു. പവർ ബാങ്കുകൾ സീറ്റിന് മുന്നിലുള്ള പോക്കറ്റിലോ സീറ്റിനടിയിലെ ബാഗിലോ ആണ് സൂക്ഷിക്കേണ്ടത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷാമുൻകരുതലിന്റെ ഭാഗമായാണ് നിയന്ത്രണം.



