ന്യൂയോർക്ക്: വിമാനം ടാക്സി ചെയ്യുന്നതിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് അപകടം. ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ ഡെൽറ്റ റീജിയണൽ ജെറ്റുകളാണ് കൂട്ടിയിടിച്ചത്. വേഗത കുറവായതിനാൽ വലിയ അപകടമുണ്ടായില്ല. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായി എയർ ട്രാഫിക് കൺട്രോൾ (എടിസി) ഓഡിയോ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. രണ്ട് ഡെൽറ്റ റീജയണൽ ജെറ്റുകൾ കുറഞ്ഞ വേഗതയിൽ കൂട്ടിയിടിക്കുകയായിരുന്നു. ടാക്സി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരു വിമാനത്തിൻ്റെ വലത് ചിറക് മറ്റേ വിമാനത്തിൻ്റെ മുൻഭാഗത്ത് ഇടിക്കുകയായിരുന്നു. വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും, വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ ഇത് കാര്യമായി ബാധിച്ചില്ല.
ഷാർലറ്റ് ഡഗ്ലസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ (CLT) നിന്ന് വിമാനം ലാൻഡ് ചെയ്ത ഉടനെ ഗേറ്റിലേക്ക് ടാക്സി ചെയ്തുകൊണ്ടിരുന്നപ്പോൾ മറ്റൊരു ഡെൽറ്റ റീജിയണൽ ജെറ്റ് വിമാനത്തിൽ ഇടിക്കുകയായിരുന്നു. വിർജീനയിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്ന വിമാനത്തിലാണ് ഇത് ഇടിച്ചത്.
ആഘാതത്തിൽ ചിറകിന്റെ ഭാഗം നഷ്ടപ്പെട്ടു. രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. ഡെൽറ്റ എയർലൈൻസ് സംഭവത്തെക്കുറിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടില്ല. ഫ്ലൈറ്റ് 5155ൻ്റെ ചിറക് ഫ്ലൈറ്റ് 5047ൽ തട്ടുകയായിരുന്നു. പൈലറ്റുമാർ തങ്ങളുടെ വിൻഡ് ഷീൽഡുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി എടിസിയെ അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ ഒരു വിമാനത്തിൻ്റെ ചിറകിൻ്റെ ഭാഗം നഷ്ടപ്പെട്ടു. ഒരു ഫ്ലൈറ്റ് അറ്റൻൻ്റിനാണ് നിസ്സാര പരിക്കേറ്റത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ചികിത്സ നൽകി. പിന്നീട്, ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.



