യുഎഇ: ഇനി വിദേശ വിനോദസഞ്ചാരികൾക്കും ദുബായിൽ പണത്തിന്റെ ആവശ്യം കുറയും. കാരണം ദുബായിയെ പൂർണ്ണമായും പണരഹിതമാക്കി മാറ്റാനുള്ള വലിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി എയർലൈനുകളായ എമിറേറ്റ്‌സും ഫ്ലൈദുബായും ദുബായ് ധനകാര്യ വകുപ്പുമായി പുതിയ കരാറുകളിൽ ഒപ്പുവച്ചു.
ഇത് വഴി ദുബായിലെത്തുന്ന യാത്രക്കാർക്കിടയിൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഉപയോഗം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വിനോദസഞ്ചാരികൾക്ക് യാത്രയുടെ തുടക്കം മുതൽ അവസാനം വരെ പണമിടപാടുകൾ കൂടുതൽ എളുപ്പവും അതുപോലെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തിലാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
2026 അവസാനത്തോടെ ദുബായിലെ 90% പേയ്‌മെന്റുകളും പൂർണ്ണമായും ഡിജിറ്റലാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയായ ദുബായ് കാഷ്‌ലെസ് സ്ട്രാറ്റജിയുടെ പ്രധാന ലക്ഷ്യം. കൂടാതെ കണക്കുകൾ നോക്കുമ്പോൾ ഏകദേശം 18.7 ദശലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകരാണ് ദുബായിൽ പ്രതിവർഷം എത്തുന്നത്.



