ന്യൂഡല്‍ഹി/ബെയ്ജിങ്: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പുനരാരംഭിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ സമീപനത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചും പുതുക്കിയ വ്യോമ സേവന കരാറിനെക്കുറിച്ചും ഈ വര്‍ഷം തുടക്കംമുതല്‍ ഇരു രാജ്യങ്ങളുടെയും സിവില്‍ ഏവിയേഷന്‍ അധികാരികള്‍ ചര്‍ച്ച നടത്തിയിരുന്നു.
ഈ ചര്‍ച്ചയിലാണ് ഇന്ത്യയിലും ചൈനയിലുമുള്ള നിയുക്ത സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ 2025 ഒക്ടോബര്‍ അവസാനത്തോടെ പുനരാരംഭിക്കാന്‍ കഴിയുമെന്ന് ധാരണയായിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.



