പ്യോങ്യാങ്: സ്തന ഭംഗി വർധിപ്പിക്കാൻ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള സ്തന ശസ്ത്രക്രിയ നടത്തിയ സ്ത്രീകൾക്കെതിരെ ശിക്ഷ നടപടികളുമായി ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉൻ . സ്തനവളർച്ചയ്ക്കും മറ്റ് തരത്തിലുള്ള പ്ലാസ്റ്റിക് സർജറികൾക്കും എതിരെ ഉത്തരകൊറിയ കർശന നടപടി ആരംഭിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരം ശസ്ത്രിക്രിയകൾ സോഷ്യലിസ്റ്റ് വിരുദ്ധ പ്രവൃത്തികളായിട്ടാണ് ഉത്തരകൊറിയ മുദ്രകുത്തിയിട്ടുള്ളത്.
സ്തനവളർച്ച നടപടിക്രമങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകളെ കണ്ടെത്താൻ കിം ഉദ്യോഗസ്ഥർ നിർദേശം നൽകി. പ്യോങ്‌യാങ്ങിന് തെക്ക് നഗരമായ സാരിവോണിൽ ശസ്ത്രക്രിയ നടത്തിയതായി തോന്നുന്ന സ്ത്രീകളെ കണ്ടെത്തണമെന്നും അവരെ മെഡിക്കൽ പരിശോധനകൾക്ക് വിധേയരാക്കണമെന്നും കിം നിർദേശം നൽകി. രഹസ്യമായിട്ടാണ് അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾ.
സെപ്റ്റംബറിൽ സാരിവോണിൽ നിയമവിരുദ്ധമായി സ്തന ശസ്ത്രക്രിയ നടത്തിയ ഡോക്ടറും 20 വയസ്സുള്ള രണ്ട് സ്ത്രീകളും പൊതു വിചാരണ നേരിടുന്നുണ്ട്. സ്തനങ്ങളുടെ ഭംഗി വർധിപ്പിക്കാൻ പ്ലാസ്റ്റിക് സർജറി നടത്തിയെന്നാണ് ഇവർക്കെതിരായ ആരോപണം. ചൈനയിൽ നിന്ന് എത്തിച്ച സിലിക്കൺ ഉപയോഗിച്ച് വീട്ടിൽ ഡോക്ടർ നിയമവിരുദ്ധമായി ശസ്ത്രക്രിയ നടത്തിയെന്നാണ് ആരോപണം.
പ്രതികളെയും കുറ്റാരോപിതനായ ഡോക്ടറെയും വലിയ ജനക്കൂട്ടത്തിന് മുന്നിൽ തുറന്ന വേദിയിൽ പ്രദർശിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊതു വിചാരണയിൽ ഡോകറും രണ്ട് സ്ത്രീകളും പ്രതികരിക്കാൻ തയാറായില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



