ലണ്ടൻ : അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത കാന്റർബറി ആർച്ച്ബിഷപ്. ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷ പദവി വഹിക്കുന്ന കാന്റർബറി ആർച്ച് ബിഷപ്പായി സാറാ മുലാലിയെ (63) നിയമിച്ചു. ബാലപീഡനങ്ങൾക്കെതിരെ നടപടിയെടുത്തില്ലെന്ന ആരോപണത്തെത്തുടർന്ന് ബിഷപ് ജസ്റ്റിൻ വിൽബി രാജി വച്ച ഒഴിവിലാണ് സാറാ മുലാലി ഈ പദവിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കാന്റർബറിയിലെ 106 ാം ആർച്ച് ബിഷപ്പാണ് മുലാലി. 165 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന, എട്ടരക്കോടിയോളം വിശ്വാസികളുള്ള ആംഗ്ലിക്കൻ സഭയുടെ ആത്മീയനേതാവാണ് കാന്റർബറി ആർച്ച്ബിഷപ്. ബ്രിട്ടനിൽ രാജാവ് കഴിഞ്ഞാൽ ഏറ്റവും ഉന്നത പദവി.
1962 മാർച്ച് 26 ന് സറേയിലെ വോക്കിങ്ങിൽ ജനിച്ച സാറാ എലിസബത്ത് മുലാലി നഴ്സിങ് ഓഫിസറായാണ് കരിയർ തുടങ്ങിയത്. 1999 മുതൽ 2004 വരെ ഇംഗ്ലണ്ടിന്റെ ചീഫ് നഴ്സിങ് ഓഫിസർ ആയി പ്രവർത്തിച്ചു. ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് മുലാലി. പ്രവർത്തനരംഗത്തെ മികവിന് 2005 ൽ ഡെയിം പദവി നൽകി ബ്രിട്ടിഷ് സർക്കാർ ആദരിച്ചു. 2015 ൽ ക്രെഡിറ്റൻ ബിഷപ്പായി. 2018 ൽ ലണ്ടൻ ബിഷപ്പായി. ഭർത്താവ് ഈമൺ മുലാലി. രണ്ടു മക്കളുണ്ട്.



