തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സർക്കാർ മറുപടി നൽകുന്നില്ലെന്നും വിഷയത്തിൽ അടിയന്തരമായി സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സ്വർണം പൂശുന്നതും പൊതിയുന്നതും തമ്മിലുള്ള വ്യത്യാസമെന്താണെന്നതിൽ പോലും ഉത്തരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരുപാട് സംശയങ്ങൾ ശബരിമല വിഷയത്തിൽ ഉയർന്നിട്ടും സർക്കാർ എന്തുകൊണ്ടാണ് മറുപടി നൽകാത്തതെന്ന് മുരളീധരൻ ചോദിച്ചു. സ്വർണപ്പാളി അടർത്തി എടുത്ത് എന്തിനാണ് ചെന്നൈയിൽ എത്തിച്ചത്? മഴയും വെയിലും ഏറ്റാൽ സ്വർണത്തിന് ഒന്നും സംഭവിക്കില്ല. എന്നിട്ടും സ്വർണപ്പാളി എങ്ങനെ ചെമ്പായിമാറിയെന്നതിലും വ്യക്തതയില്ല. സ്വർണപ്പാളി ചെമ്പ് ആക്കാൻ സ്പോൺസറിന് കൈക്കൂലി കൊടുത്തുവെന്നും ആരോപണമുണ്ട്. പാളി തിരികെ എത്തിച്ചപ്പോൾ ഓരോ ഇടത്തും ഇറക്കി ഘോഷയാത്രയായി കൊണ്ടുവരികയും ചെയ്തു.
വിജയ് മല്യ നൽകിയ സ്വർണം എവിടെപ്പോയെന്ന ചോദ്യത്തിനും ഉത്തരമില്ല. തന്നോട് ചോദിക്കണ്ട എന്നാണ് പദ്മകുമാർ പറയുന്നതെങ്കിൽ പിന്നെ എന്തിനാണ് ദേവസ്വംബോർഡ് പ്രസിഡന്‍റുമാർ? പദ്മകുമാർ നല്ലൊരു പൊതുപ്രവർത്തകനാണ്, അദ്ദേഹം കക്കില്ല. പക്ഷെ അദ്ദേഹം കൂട്ടുനിന്നു. സ്വന്തം പാർട്ടി സമ്മേളനത്തിൽ നിന്ന് ഹൃദയം പൊട്ടി അല്ലെ അദ്ദേഹം ഇറങ്ങിവന്നതെന്നും മുരളീധരൻ ചോദിച്ചു.



