ശബരിമല സ്വർണ്ണപ്പാളി മോഷണവിവാദത്തിൽ മേഖലാ ജാഥകളുമായി സമരം കടുപ്പിക്കാൻ കോൺഗ്രസ്. സംസ്ഥാന വ്യാപക ജാഥകൾ സമാപിക്കുന്ന പന്തളത്ത് മഹാസമ്മേളനം സംഘടിപ്പിക്കാനും കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനം. അതേസമയം, പുനഃസംഘടന നീളുന്നതിൽ നേതൃയോഗത്തിൽ രൂക്ഷ വിമർശനമുയർന്നു
അയ്യപ്പന്റെ സ്വർണ്ണപ്പാളി ചെമ്പാക്കി മാറ്റിയ ദേവസ്വം ബോർഡിന്റെ ജാലവിദ്യ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കെ 2018ലെ സമരമുറ തന്നെ പുറത്തെടുക്കുകയാണ് കോൺഗ്രസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രധാന നേതാക്കളുടെ നേതൃത്വത്തിൽ നാലു മേഖലാജാഥകൾ നടത്താനാണ് രാഷ്ട്രീയ കാര്യസമിതിയിലെ ധാരണ. ജാഥകളുടെ തീയതിയും ജാഥാ ക്യാപ്റ്റൻമാരെയും നേതൃത്വം തീരുമാനിക്കും. യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട ആചാരലംഘന സമരം നടത്തിയ ഘട്ടത്തിലും കോൺഗ്രസ് അഞ്ച് മേഖലാജാഥകൾ നടത്തിയിരുന്നു. അതേസമയം, അനന്തമായ നീളുന്ന കെപിസിസി പുനസംഘടനയ്ക്കെതിരെയും യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നു.



