തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ഗള്‍ഫ് പര്യടനത്തിന് ഇതുവരെ അനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. അനുമതി തേടി സമര്‍പ്പിച്ച അപേക്ഷ സംബന്ധിച്ച് ഇതുവരെ പ്രോട്ടോക്കോള്‍ വിഭാഗത്തിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല.
ഒക്ടോബര്‍ 16 വ്യാഴാഴ്ച മുതല്‍ നവംബര്‍ ഒന്‍പത് വരെ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും വിവിധ പരിപാടികളില്‍ പങ്കെടുക്കാനുമാണ് മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്. 16ന് ബഹ്‌റൈന്‍, 17ന് സൗദിയിലെ ദമാം, 18ന് ജിദ്ദ, 19ന് റിയാദ് എന്നിങ്ങനെയായിരുന്നു കാര്യപരിപാടി. തുടര്‍ന്ന് 24, 25 തീയതികളിൽ ഒമാന്‍ സന്ദര്‍ശിക്കാനും തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ 30ന് ഖത്തറും നവംബര്‍ ഏഴിന് കുവൈറ്റും 9ന് അബുദാബിയും സന്ദര്‍ശിക്കാനായിരുന്നു പരിപാടി. 2023 ഒക്ടോബറില്‍ സൗദി അറേബ്യയില്‍ വച്ച് ലോക കേരളസഭയുടെ പ്രാദേശിക സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യാത്ര റദ്ദാക്കിയിരുന്നു.



