വാഷിങ്ടൺ: നൊബേൽ സമ്മാനം ഡോണൾഡ് ട്രംപിന് സമർപ്പിക്കുന്നുവെന്ന് മരിയ കൊരീന മഷാദോ. വെനസ്വേലയുടെ ആവശ്യത്തിനായി നിലകൊണ്ട വ്യക്തിയാണ് ട്രംപെന്നും അവർ പറഞ്ഞു. എല്ലാ വെനസ്വേലക്കാർക്കും ലഭിച്ച അംഗീകാരം കൂടിയാണിത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അമേരിക്കയിലെ ജനങ്ങൾ, ലാറ്റിനമേരിക്കൻ ജനത, ജനാധിപത്യ രാജ്യങ്ങൾ എന്നിവർക്കെല്ലാം നന്ദി അറിയിക്കുകയാണ്. വെനസ്വേലയിലെ ജനങ്ങൾക്കും പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഈ പുരസ്കാരം സമർപ്പിക്കുകയാണെന്നും അവർ എക്സിൽ കുറിച്ചു.
രാജ്യത്തെ ഏകാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനും ജനാധിപത്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുമുള്ള പ്രയത്നങ്ങൾ മുൻനിർത്തിയാണ്
പുരസ്കാരമെന്ന് നൊബേൽ സമിതി അറിയിച്ചു. പതിറ്റാണ്ടുകളായി സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് കീഴിൽ ഏകാധിപത്യ ഭരണക്രമം തുടരുന്ന വെനിസ്വേലയിൽ ശിഥിലമായിപ്പോയ പ്രതിപക്ഷ കക്ഷികളെ ഒരുകൂടക്കീഴിൽ കൊണ്ടുവന്ന് ജനാധിപത്യപോരാട്ടങ്ങൾക്ക് ശക്തിപകരാൻ 58കാരിയായ മരിയ മഷാദോക്ക് കഴിഞ്ഞൂവെന്നും കമ്മിറ്റി വിലയിരുത്തി.
1967ൽ വെനിസ്വേല തലസ്ഥാനമായ കരാക്കസിൽ ജനിച്ച മരിയ ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയാണ്. 1992ൽ, കരാക്കസിലെ തെരുവുകുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി അതീനയ ഫൗണ്ടേഷൻ എന്ന സംഘടന രൂപവത്കരിച്ചാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. പത്ത് വർഷത്തിനുശേഷം അവർ പ്രത്യക്ഷ രാഷ്ട്രീയം പറഞ്ഞുതുടങ്ങി. ഹ്യൂഗോ ഷാവേസിന്റെ ഭരണത്തിൽ പ്രതിഷേധിച്ചാണ് ലോക ശ്രദ്ധ നേടിയത്.



