കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ പൊലീസ് കേസെടുത്തു. ഷാഫി പറമ്പിൽ, ഡിസിസി പ്രസിഡൻറ് പ്രവീൺകുമാർ ഉൾപ്പെടെ എട്ട് യുഡിഎഫ് നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന 692 പേർക്ക് എതിരെയുമാണ് കേസെടുത്തത്. മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്ഐആര്‍. സംഭവത്തില്‍ എട്ട് എൽഡിഎഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പേരാമ്പ്രയിൽ പൊലീസ് ലാത്തിചാർജിലും കണ്ണീർ വാതക പ്രയോഗത്തിലും ഷാഫി പറമ്പിൽ എംപിക്കും കോൺഗ്രസ് നേതാക്കൾക്കും പരിക്കേറ്റിരുന്നു. പേരാമ്പ്ര സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് യുഡിഎഫും എൽഡിഎഫും ഇന്നലെ വൈകീട്ട് പേരാമ്പ്രയിൽ റാലി സംഘടിപ്പിച്ചത്. റാലികൾ നേർക്കുനേർ വന്നതോടെ സംഘർഷമായി. ഇതിനിടെ പൊലീസിന്റെ ലാത്തി ചാർജിലും കണ്ണീർവാതക പ്രയോഗത്തിലുമാണ് പരിക്കേറ്റത്.



