ഡൽഹി: ഐആര്‍സിടിസി അഴിമതിക്കേസിൽ ലാലുപ്രസാദ് യാദവിനും കുടുംബത്തിനും തിരിച്ചടി. ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, തേജസ്വി യാദവ് തുടങ്ങിയവർക്കെതിരെ കുറ്റം ചുമത്തി. ഡൽഹി റൗസ് അവന്യൂ സിബിഐ കോടതിയുടേതാണ് ഉത്തരവ്.
2004-09 കാലഘട്ടത്തില്‍ കേന്ദ്ര റയിൽവേ മന്ത്രിയായിരിക്കെ ഐആര്‍സിടിസിയുടെ ഹോട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാണ് ആരോപണം. ഐആര്‍സിടിസി ഏറ്റെടുത്ത റാഞ്ചി, പുരി എന്നിവിടങ്ങളിലെ ഹോട്ടലുകളുടെ വികസനത്തിനും നടത്തിപ്പിനുമായി ലേലത്തിലൂടെ കമ്പനികളെ ക്ഷണിച്ചിരുന്നു. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയതിന് പാരിതോഷികമായി, ലാലുവിന്റെ സഹായി പ്രേംചന്ദ് ഗുപ്ത രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയെന്നാണ് ആരോപണം.
എന്നാൽ ഹോട്ടലുകളുടെ ടെന്‍ഡര്‍ വിളിച്ചതില്‍ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും ഇത് ബിജെപിയുടെ ഗൂഡാലോചനയാണെന്നും ലാലു പ്ര സാദ് ആരോപിച്ചിരുന്നു. ഐആർസിടിസി മാനേജിംഗ് ഡയറക്ടർ പി.കെ ഗോയലിനെ കൂടാതെ പ്രേം ചന്ദ് ഗുപ്തയുടെ ഭാര്യയും ഡിലൈറ്റ് മാർക്കറ്റിംഗ് ഡയറക്ടറുമായ സരള ഗുപ്തയും കേസിൽ സഹപ്രതിയാണ്.



