കെയ്റോ: ഇന്ത്യ പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് ഡോണൾഡ് ട്രംപെന്ന് ആവർത്തിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ട്രംപിന്‍റെ സാന്നിധ്യത്തിലാണ് ഷെരീഫ് ഇക്കാര്യം ഈജിപ്തിൽ പറഞ്ഞത്. ട്രംപ് നൊബെൽ സമ്മാനത്തിന് അർഹനെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഗാസ സമാധാന കരാറിനായുള്ള ഈജിപ്തിലെ രാജ്യാന്തര ഉച്ചക്കോടിയിൽ ഷഹ്ബാസ് ഷെരീഫിനെ ട്രംപ് ഇക്കാര്യം പറയാൻ പ്രത്യേകം ക്ഷണിക്കുകയായിരുന്നു. ട്രംപ് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ആണവ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വെറെ തലത്തിലേക്ക് മാറുമായിരുന്നുവെന്നും അത് കാണാൻ എത്ര പേര് ബാക്കിയുണ്ടാകുമെന്ന് പോലും അറിയാത്തവിധമാകുമായിരുന്നുവെന്നും പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് പറഞ്ഞു.
വെടിനിര്‍ത്തലിനായി ട്രംപ് നിരന്തരം പ്രയത്നിച്ചു. ഇതിനാലാണ് ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തതെന്നും ഷഹ്ബാസ് ഷെരീഫ് പറഞ്ഞു. ഇന്ത്യ തന്‍റെ അടുത്ത സുഹൃത്താണെന്നും ഇന്ത്യയും പാകിസ്ഥാനും ഒന്നിച്ച് മുന്നോട്ടുപോകുമെന്നാണ് കരുതുന്നതെന്നും ഈജിപ്തിലെ ഉച്ചകോടിയിൽ ഡോണാൾഡ് ട്രംപ് പറഞ്ഞു.



