പാലക്കാട്: 2019ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിക്കും . വിചാരണ പൂർത്തിയാക്കിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു . കൊലപാതകം , തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് തെളിഞ്ഞത് . സജിതയെ കൊലപ്പെടുത്തിയ കേസിൽ തടവിലായിരുന്ന ചെന്താമര , ജാമ്യത്തിൽ ഇറങ്ങിയാണ് ഇരട്ട കൊലപാതകം നടത്തിയത്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സജിതയുടെ മക്കൾ ആവശ്യപ്പെട്ടു.
2019ലാണ് കേസിനാസ്പദമായ സംഭവം. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്ന ചെന്താമരയുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് 2019 ആഗസ്റ്റ് 31ന് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. സജിതയും പുഷ്പയും ചേർന്ന കൂടോത്രം നടത്തിയതാണ് ഭാര്യ അകലാൻ കാരണമെന്ന് ചെന്താമര കരുതിയിരുന്നു. ഈ കേസിൽ പരോളിൽ ഇറങ്ങിയപ്പോൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവിനെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു.



