വിശാഖപട്ടണം: ഇന്ത്യയിലെ ആദ്യ എഐ ഹബ്ബും ഡിജിറ്റൽ ഡേറ്റാ സെന്ററും വിശാഖപട്ടണത്ത് യാഥാർത്ഥ്യമാക്കുമെന്ന ഗൂഗിളിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആന്ധ്രാപ്രദേശിൽ വൻ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. റീട്ടെയ്ൽ എൻടർടൈൻമെന്റ് ടൂറിസം രംഗത്തെ സമഗ്ര മുന്നേറ്റങ്ങൾക്കുള്ള ആന്ധ്ര സർക്കാർ നീക്കങ്ങൾക്ക് പിന്തുണയുമായി 1222 കോടി രൂപയുടെ ഷോപ്പിങ്ങ് മാളാണ് യാഥാർത്ഥ്യമാകുന്നത്. ഇതിനുള്ള ലുലുവിന്റെ പുതുക്കിയ ലീസ് നിബന്ധനകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. മികച്ച ആനുകൂല്യങ്ങൾ നൽകിയാണ് ലുലുവിന്റെ പദ്ധതിക്ക് ആന്ധ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ഫൺടൂറ എന്നിവ കൂടാതെ, മൾട്ടിപ്ല്ക്സ് തീയേറ്ററുകൾ, ഫുഡ് കോർട്ട് തുടങ്ങി മികച്ച സൗകര്യങ്ങളോടെയുള്ള മാൾ ആണ് ഉയരുക. ആന്ധ്രാപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ (APIIC) ഹാര്‍ബര്‍ പാര്‍ക്കിലെ 13.74 ഏക്കർ ഭൂമിയിൽ 13.5 ലക്ഷം ചതുരശ്ര അടിയിലാണ് മാള്‍ നിർമ്മിക്കുക. 99 വർഷത്തേക്കാണ് പാട്ടക്കരാർ. ആന്ധ്രാപ്രദേശ് ടൂറിസം ലാന്‍ഡ് അലോട്ട്‌മെന്റ് പോളിസി പ്രകാരം, പദ്ധതി പൂർത്തിയാക്കുന്നതിനായി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ഉറപ്പ് നൽകിയാണ് ചന്ദ്രബാബു നായിഡു സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്.



