കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ശരിയായി അന്വേഷിച്ചാല്‍ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്നു കടകംപള്ളി സുരേന്ദ്രനും പ്രതിയാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദേവസ്വം ബോര്‍ഡ് മുഴുവന്‍ പ്രതിയായി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തി. അതുകൊണ്ടാണ് ചെമ്പ് പാളിയെന്ന് എഴുതിയത്. അല്ലെങ്കില്‍ എല്ലാവരും പെടുമെന്ന് അവര്‍ക്കറിയാമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുന്‍ ദേവസ്വം മന്ത്രിയിലേക്ക് അന്വേഷണം എത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് വിഡി സതീശന്‍ പറഞ്ഞു. മുന്‍ ദേവസ്വം മന്ത്രിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ട്. കടകംപള്ളി പോറ്റിയെ പുകഴ്ത്തുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നതാണ്. പോറ്റി കുടുങ്ങിയാൽ സർക്കാർ കുടുങ്ങും. ഇവരൊക്കെ തമ്മിൽ ബന്ധമുണ്ട്. കോടതി ഇടപെട്ടത് കൊണ്ട് മാത്രമാണ് പോറ്റി അറസ്റ്റിലായതെന്ന് വിഡി സതീശൻ പറഞ്ഞു.



