പാലക്കാട്: നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻ കോടതിയാണ് വിധി പറഞ്ഞത്. ഇരട്ട ജീവപര്യന്തം തടവിന് പുറമെ മുന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. സജിത വധക്കേസ് അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചത്.
പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വാദത്തിന് ശേഷമാണ് ഇന്ന കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ശിക്ഷയിൽ ഇളവ് വേണമെന്ന് വാദിച്ച പ്രതിഭാഗം ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നും കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലായിരുന്നുവെന്നും അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്.



