ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധം സാധാരണനിലയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സാണ് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസ് പ്രഖ്യാപിച്ചത്. നവംബര്‍ ഒന്‍പത് മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ അറിയിപ്പ്.
ഷാങ്ഹായില്‍നിന്ന് ഡല്‍ഹിയിലേക്കാണ് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായര്‍, ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50-ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍സമയം വൈകീട്ട് 5.45ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. രാത്രി 7.55-നാകും ഡല്‍ഹിയില്‍നിന്ന് തിരിച്ചുള്ള സര്‍വീസ്. പുതിയ വിമാനസര്‍വീസുകള്‍ പ്രഖ്യാപിച്ചതിനൊപ്പം ടിക്കറ്റ് വില്‍പ്പന ആരംഭിച്ചതായും വിമാനക്കമ്പനി അറിയിച്ചു.
അടുത്തിടെ ഷാങ്ഹായ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ തീരുമാനമായത്. ഇതിനുപിന്നാലെ ഇന്‍ഡിഗോ കൊല്‍ക്കത്തയില്‍നിന്ന് ചൈനയിലെ ഗ്യാങ്ചൗവിലേക്ക് വിമാനസര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബര്‍ 26 മുതലാണ് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് ഗ്യാങ്ചൗവിലേക്കുള്ള സര്‍വീസും ഇന്‍ഡിഗോ വൈകാതെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഏകദേശം അഞ്ചുവര്‍ഷത്തിന് ശേഷമാണ് ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത്.



