തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് സന്ദർശനത്തെ വിമർശിച്ച് പ്രതിപക്ഷ മുൻ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ തെരഞ്ഞെടുപ്പ് ഏതാനും മാസം മാത്രം അകലെ നില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയൻ ധൃതി പിടിച്ചു മിഡില്‍ ഈസ്റ്റ് സന്ദര്‍ശിക്കുന്നത് കേരളത്തിനു വേണ്ടിയല്ലെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പാർട്ടി താൽപര്യമാണെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാനത്തിനു വേണ്ടിയുള്ള വിഭവസമാഹരണമോ വികസനമോ അല്ല മുഖ്യമന്ത്രിയുടെ ലക്ഷ്യം. മറിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക പാർട്ടി താൽപര്യങ്ങളാണ്. അതിനു വേണ്ടി മാത്രമാണ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കി ഈ വിശാലമായ വിദേശയാത്രയ്ക്ക് ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



