ആലപ്പുഴ: മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് ഇന്ന് 102ആം ജന്മദിനം. വിഎസിന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ ജന്മദിനത്തിൽ ആലപ്പുഴയിലെ വേലിക്കകത്തെ വീട്ടിൽ നിരവധി പേരാണ് ഒത്തുചേർന്നത്. വിഎസിന്റെ കുടുംബാംഗങ്ങൾ പുഷ്പാർച്ചന നടത്തും. വിഎസിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ലൈബ്രറിയും സ്മാരകവും അടങ്ങുന്ന കാമ്പസ് തന്നെ നിർമിക്കണമെന്ന ആഗ്രഹമുണ്ടെന്ന് മകൻ അരുൺകുമാർ പറഞ്ഞു.
‘കേരളത്തിലെ ജനതയ്ക്ക് വേണ്ടി പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തിൽ സജീവമായിരുന്ന അച്ഛന്റെ സ്മരണകൾ എക്കാലവും ഓർമിക്കപ്പെടണം എന്ന ആഗ്രഹമുണ്ട്. കുടുംബവുമായി ആലോചിക്കുന്നുണ്ട്. അച്ഛന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി ഒരു കാമ്പസിന് രൂപംകൊടുക്കണമെന്നുണ്ട്’. അരുൺകുമാർ മീഡിയവണിനോട് പറഞ്ഞു.
Read Also
ആഗോളതലത്തിൽ പത്ത് പേരിൽ ഒരാൾ; ജർമൻ സർവകലാശാലയിൽ നിന്ന് ഒരു കോടിയുടെ ഫെലോഷിപ്പ് നേട്ടവുമായി ഡോ. മാളവിക ബിന്നി
ജൂലൈ 21 നാണ് വിഎസ് അച്യുതാനന്ദൻ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യുടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം.
1923 ഒക്ടോബർ 20ന് ആലപ്പുഴ പുന്നപ്ര വെന്തലത്തറ വീട്ടിൽ ശങ്കരൻറെയും അക്കമ്മയുടെയും മകനായി ജനിച്ചു. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന വി.എസ് 1940 ൽ തൻറെ പതിനേഴാം വയസിലാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. 2019ൽ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ചികിത്സയിലേക്കും വിശ്രമത്തിലേക്കും മാറിയ വി.എസ് 2021 പാർട്ടി സമ്മേളനത്തിൽ ഔദ്യോഗിക ചുമതലകളിൽ നിന്നും ഒഴിയുകയായിരുന്നു.



