ഏനാത്ത്: കമ്പിവടി ഉപയോഗിച്ച് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിലായി. ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പുതുശേരിഭാഗം പ്രകാശ് ഭവനിൽ പ്രകാശിനെയാണ് (42) പ്രതികൾ ആക്രമിച്ചത്. പുതുശേരിഭാഗം അരുൺ നിവാസിൽ അഖിൽ (28), വള്ളികുന്നം പുത്തൻചന്ത വിജയഭവനത്തിൽ സൂരജ് സോമൻ (26), അടൂർ മംഗലത്ത് പുത്തൻവീട്ടിൽ ഉണ്ണികുട്ടൻ(25) എന്നിവരാണ് അറസ്റ്റിലായത്.
പ്രകാശിന്റെ ഓട്ടോറിക്ഷ, ബന്ധുവും അയൽവാസിയുമായ അഖിൽ ഉപയോഗിക്കുമ്പോൾ അപകടത്തിൽപെട്ടിരുന്നു. ഓട്ടോറിക്ഷ നന്നാക്കി നൽകാത്തതിനെ തുടർന്ന് അഖിലിനെതിരെ പ്രകാശ് വക്കീൽ നോട്ടിസ് അയച്ചു. തുടർന്നുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രകാശിനെ പ്രതികൾ ചേർന്ന് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് പരുക്കേൽപിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. പ്രകാശ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രതികളെ റിമാൻഡ് ചെയ്തു. ഏനാത്ത് ഇൻസ്പെക്ടർ എ.അനൂപിന്റെ നേതൃത്വത്തിൽ എഎസ്എമാരായ ശിവപ്രസാദ്, രവികുമാർ, എസ്‌സിപിഒ സജികുമാർ എന്നിവർ ചേർന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.



