രസകരമായ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് (മുന്‍പത്തെ ട്വിറ്റര്‍). ഉപയോക്താക്കള്‍ക്ക് ചില സവിശേഷ യൂസര്‍നെയിമുകളും എക്സിലെ പഴയതോ സജീവമല്ലാത്തതോ ആയ യൂസര്‍നെയിമുകളും പണം നല്‍കി സ്വന്തമാക്കാന്‍ സാധിക്കും. എക്സ് പ്രീമിയം പ്ലസ്, എക്സ് പ്രീമിയം ബിസിനസ് (ഫുള്‍ ആക്സസ്) ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ഇതിനുള്ള അവസരം.
ചില യൂസര്‍നെയിമുകള്‍ ഉപയോക്താവിന്റെ അഭ്യര്‍ഥന അനുസരിച്ച് നല്‍കുമെങ്കിലും മറ്റ് ചിലത് മെറിറ്റ് അടിസ്ഥാനത്തിലാവും അനുവദിക്കുകയെന്ന് എക്സ് വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനായി പ്ലാറ്റ്‌ഫോം ആപ്പില്‍ ഒരു പുതിയ ‘എക്സ് ഹാന്‍ഡില്‍ മാര്‍ക്കറ്റ്‌പ്ലേസ്’ ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉപയോഗിക്കാത്തതും എന്നാല്‍ പഴയ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതുമായ ഹാന്‍ഡിലുകള്‍ ഈ മാര്‍ക്കറ്റ്‌പ്ലേസ് വീണ്ടും വിതരണം ചെയ്യും.
യൂസര്‍നെയിമുകളെ പ്രയോറിറ്റി, റെയര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചാവും വില്‍പ്പന. എക്സ് വെബ്‌സൈറ്റ് അനുസരിച്ച്, പ്രയോറിറ്റി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയില്‍ ഒന്നിലധികം വാക്കുകള്‍ ഉള്ളവ, അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്ന കോമ്പിനേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഉദാഹരണത്തിന് @GabrielJones, @PizzaEater പോലുള്ളവ. പ്രയോറിറ്റി യൂസര്‍നെയിം ലഭിക്കുന്നതിന് ഉപയോക്താവിന് സൗജന്യമായി അഭ്യര്‍ഥന അയയ്ക്കാം. അഭ്യര്‍ത്ഥന അംഗീകരിക്കുകയാണെങ്കില്‍ ആ യൂസര്‍നെയിം ലഭിക്കും. പ്രീമിയം പ്ലസ്, പ്രീമിയം ബിസിനസ് അക്കൗണ്ടുകള്‍ക്ക് മാത്രമേ ലഭ്യമാകൂ എന്നുമാത്രം.



