മസ്കത്ത്: ഒമാൻ സന്ദർശനത്തിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച മസ്കത്തിലെത്തും. വൈകീട്ട് സ്വകാര്യ വിരുന്നിൽ പങ്കെടുക്കുന്ന അദ്ദേഹം വെള്ളിയാഴ്ച വൈകീട്ട് ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന്റെ (ഐ.സി.എഫ്) ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് ആറിന് ആമിറാത്തിലെ മുനിസിപ്പൽ പാർക്കിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് പങ്കെടുക്കും.
ശനിയാഴ്ച വൈകീട്ട് 7.30ന് സലാലയിൽ ഐ.എസ്.സി കേരള വിങ് ഇത്തിഹാദ് മൈതാനിയിൽ ഒരുക്കുന്ന പ്രവാസോത്സവത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. മുഖ്യമന്ത്രിയോടൊപ്പം സാംസ്കാരിക മന്ത്രി സജി ചെറിയാനും ഒമാനിലെത്തുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് ഒമാൻ സന്ദർശനം. ‘മനുഷ്യത്വമുള്ളവരായിരിക്കൂ, സമാധാനം പുലരട്ടെ’ എന്ന സന്ദേശവുമായി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായാണ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ നടക്കുന്നത്.



