ജിദ്ദ: സൗദിയിലെ ഇന്ത്യക്കാർക്ക് ഇ-പാസ്പോർട്ടുകളുടെ വിതരണം തുടങ്ങി. ജിദ്ദ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ഡിജിറ്റൽ പാസ്പോർട്ടുകളുടെ ലോഞ്ചിംഗ് നിർവഹിച്ചു. 36 പേജുകളുള്ള ഡിജിറ്റൽ പാസ്പോർട്ടുകൾ പുതുതായി അപേക്ഷിക്കുന്നവർക്കാണ് ലഭിക്കുക.
ചിപ്പ് ഘടിപ്പിച്ച പാസ്പോർട്ടുകളാണ് ഇനി മുതൽ സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് ലഭിക്കുക. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ടുപേർക്കാണ് ആദ്യ വിതരണം നടത്തിയത്. പാസ്പോർട്ട് ഹോൾഡറുടെ ഫോട്ടോ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും ചിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കാലാവധിയുള്ളവർ തീയതി തീരും വരെ ഇ-പാസ്പോർട്ടിനായി കാത്തിരിക്കണം. പുതിയ പാസ്പോർട്ടുകൾ പത്ത് വർഷത്തെ കാലാവധിയിലാണ് ലഭിക്കുക. അപേക്ഷാ ഫീയിൽ മാറ്റങ്ങളില്ല.
സൗദിയിൽ പാസ്പോർട്ട് പ്രിൻറ് ഉള്ള ജിദ്ദയിലും റിയാദിലും ഇന്ത്യക്കാർക്ക് ഇ-പാസ്പോർട്ട് സേവനം ലഭ്യമായിട്ടുണ്ട്. 150-ലധികം രാജ്യങ്ങളിൽ ഇ- പാസ്പോർട്ടുകൾ നിലവിലുണ്ട്. ഔദ്യോഗിക പാസ്പോർട്ട് സേവാ വെബ്സൈറ്റിൽ ഡിജിറ്റൽ പാസ്പോർട്ടുകൾക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. ലോകത്തിലെ വിവിധ എയർപോർട്ടുകളിൽ യാത്ര ചെയ്യുന്നവരുടെ ഇ-ഗേറ്റ് സംവിധാനം സുഗമമാക്കുന്നതിന് ഡിജിറ്റൽ പാസ്പോർട്ട് സഹായകരമാകും.



