പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ആഭരണങ്ങളടക്കമുള്ളവ തിരികെ വാങ്ങി നല്‍കാമെന്ന വാഗ്ദാനവുമായി ടെലിഗ്രാം സിഇഒ പാവെല്‍ ദുറോവ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയങ്ങളിലൊന്നില്‍ നാലംഗസംഘം പട്ടാപ്പകല്‍ അതിസാഹസികമായ കവര്‍ച്ച നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് റഷ്യന്‍ ടെക് ശതകോടീശ്വരന്‍ ഈ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുള്ളത്. ഏകദേശം 102 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. സമീപകാല ചരിത്രത്തിലെ ഏറ്റവും ഞെട്ടിക്കുന്ന മോഷണങ്ങളിലൊന്നിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് പ്രതികളും ഒളിവില്‍ തുടരുകയാണ്.
ആഭരണങ്ങളടക്കം തിരികെ വാങ്ങി നല്‍കുമെങ്കിലും അത് അബുദാബിയിലെ മ്യൂസിയത്തിന് മാത്രമായിരിക്കും എന്നാണ് ദുറോവ് പറയുന്നത്. മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ യുഎഇയില്‍ ഏറെ സുരക്ഷിതമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മോഷണം നടന്നതില്‍ തനിക്ക് അത്ഭുതമില്ലെന്ന് പറഞ്ഞ അദ്ദേഹം ഫ്രഞ്ച് അധികാരികള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ഉന്നയിച്ചു. ഒരുകാലത്തെ മഹത്തായ ഒരു രാജ്യത്തിന്റെ തകര്‍ച്ചയുടെ മറ്റൊരു ദുഃഖകരമായ അടയാളമാണിത്. ‘മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ വാങ്ങി ലൂവ്രിലേക്ക് തിരികെ സംഭാവന ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷെ ഞാന്‍ ഉദ്ദേശിക്കുന്നത് ലൂവ്ര് അബുദാബിയാണ്. ലൂവ്ര് അബുദാബിയില്‍ നിന്ന് ആരും മോഷ്ടിക്കില്ല.’ – അദ്ദേഹം പറഞ്ഞു.
പാരീസിലെ പ്രശസ്തമായ ലൂവ്രുമായി സഹകരിച്ച് യുഎഇയില്‍ സ്ഥാപിച്ച ഒരു പ്രമുഖ ആര്‍ട്ട് മ്യൂസിയമാണ് ലൂവ്ര് അബുദാബി. യൂറോപ്യന്‍ മ്യൂസിയങ്ങളും മിഡില്‍ ഈസ്റ്റിലെ മ്യൂസിയങ്ങളും തമ്മിലുള്ള സുരക്ഷാ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരിഹാസ സ്വരത്തില്‍ ഇക്കാര്യം പറഞ്ഞതെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
ഒക്ടോബര്‍ 19-ന് മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിലാണ് മോഷണം നടന്നത്. റോയല്‍ കളക്ഷനില്‍ നിന്നുള്ള എട്ട് വസ്തുക്കളാണ് നഷ്ടപ്പെട്ടത്. യൂജീനി രാജ്ഞിയുടെയും മേരി-ലൂയിസ് രാജ്ഞിയുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന ആഭരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഏകദേശം 88 മില്യണ്‍ യൂറോ (102 മില്യണ്‍ ഡോളര്‍) വിലമതിക്കുന്ന മോഷ്ടിക്കപ്പെട്ട വസ്തുക്കളില്‍ ഒരു മരതക നെക്ലേസ്, രണ്ട് കിരീടങ്ങള്‍, ഒരു ഇന്ദ്രനീല നെക്ലേസ്, ഒരു കമ്മല്‍ എന്നിവ ഉള്‍പ്പെടുന്നു



