കൊച്ചി: അങ്കമാലി എംഎൽഎയും കോൺഗ്രസിലെ യുവ നേതാവുമായ റോജി എം. ജോൺ വിവാഹിതനാകുന്നു. കാലടി മാണിക്യമംഗലം പുളിയേലിപ്പടിയിൽ കോലഞ്ചേരി വീട്ടിൽ പൗലോസ്- ലിസി ദമ്പതികളുടെ മകൾ ലിപ്സിയാണ് വധു. ഈ മാസം 29ന് അങ്കമാലി ബസിലിക്ക പള്ളിയിലാണ് വിവാഹം.
മാണിക്യമംഗലം പള്ളിയിലാണ് മനഃസമ്മതം. ഇന്ന് വധുവിൻ്റെ വീട്ടിൽ വച്ചാണ് ഉറപ്പിക്കൽ ചടങ്ങ് നടന്നത്. ഇന്റീരിയർ ഡിസൈനറായ ലിപ്സിയും അങ്കമാലി മണ്ഡലംകാരിയാണ്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ മുള്ളൻമടക്കൽ എം.വി ജോണിൻ്റെയും എൽസമ്മയുടെയും മകനായി 1984ലാണ് റോജി ജനിച്ചത്. അങ്കമാലിക്കടുത്ത് കുറുമശേരിയിലാണ് നിലവിൽ എംഎൽഎ താമസിക്കുന്നത്. എംഎ, എംഫിൽ ബിരുദധാരിയായ റോജി 2016 മുതൽ അങ്കമാലിയിൽ നിന്നുള്ള നിയമസഭാംഗമാണ്. കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, എൻഎസ്‌യു ദേശീയ പ്രസിഡന്റായിരുന്നു. നിലവിൽ എഐസിസി സെക്രട്ടറി കൂടിയാണ് റോജി.
അങ്കമാലി നിയോജക മണ്ഡലത്തിൽ നിന്ന് 2016 ലും 2021ലും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം തേവര എസ്എച്ച് കോളജ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഉപരിപഠനത്തിനായി ഡൽഹി ജെഎൻയുവിലേക്ക് പോയി. ഇതിനിടെ എൻഎസ്‌യു നേതൃത്വത്തിലേക്ക് ഉയർന്നു.
2016ലാണ് റോജിയെ അങ്കമാലി മണ്ഡലം പിടിക്കാൻ കോൺഗ്രസ് ചുമതലപ്പെടുത്തിയത്. ജെഡിഎസിൻ്റെ കരുത്തനായ നേതാവ് മുൻ മന്ത്രി ജോസ് തെറ്റയിൽ ലൈംഗികാരോപണം നേരിട്ടതിനെ തുടർന്ന് മത്സരത്തിൽ നിന്ന് പിന്മാറിയ 2016ലെ തെരഞ്ഞെടുപ്പിൽ ജെഡിഎസിൻ്റെ ജോണി മൂഞ്ഞേലിയെ പരാജയപ്പെടുത്തിയാണ് റോജി നിയമസഭയിലെത്തിയത്.



