കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് കോടതി റദ്ദാക്കിയത്. കേസെടുക്കാനുളള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പതിനഞ്ച് വര്‍ഷത്തിലേറെ വൈകി കേസെടുത്ത മജിസ്‌ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പാലേരി മാണിക്യം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തനിക്കെതിരെ പരാതിയിൽ പറയുന്ന ആരോപണങ്ങൾ നിലനിൽക്കില്ലെന്നും 2009 ൽ നടന്ന സംഭവത്തിന് നടി 2024 ഓഗസ്റ്റ് 26നാണ് പരാതി നൽകിയതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഹോട്ടൽ മുറിയിൽ വച്ച് സംവിധായകൻ പീഡിപ്പിച്ചെന്നായിരുന്നു ബംഗാളി നടിയുടെ പരാതി. നടി പരാതി ഉന്നയിച്ചതിന് പിന്നാലെ താൻ ഇരയാണെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഇതേ തുടർന്ന് നടി നിയമപരമായി മുന്നോട്ടുപോവുകയായിരുന്നു



