വൈറലായി എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്, സാംസങ് ഇലക്ട്രോണിക്സ് ചെയര്‍മാന്‍ ലീ ജെ-യോങ്, ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എയുസന്‍ ചുങ് എന്നിവരുടെ ഹാങ്ങിങ് ഔട്ട് വീഡിയോ. സോളിലെ ഗംഗ്‌നം ജില്ലയിലെ ഒരു ഭക്ഷണശാലയില്‍നിന്ന് പകര്‍ത്തിയതാണ് ദൃശ്യം. കൂടിക്കാഴ്ചക്കിടെ ലീ, ‘ഇന്നത്തെ ഡിന്നര്‍ എന്റെ വകയാണ്’ എന്ന് പ്രഖ്യാപിച്ചതോടെ റെസ്റ്ററന്റിലുണ്ടായിരുന്നവര്‍ ആര്‍പ്പുവിളിച്ചു. ഇതോടെ ഹുവാങ്ങും ഒപ്പം ചേര്‍ന്ന്എല്ലാവര്‍ക്കും ഡിന്നര്‍ സൗജന്യമാണെന്ന് അറിയിച്ചു. ആ സമയത്ത് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ ഉള്‍പ്പെടെ എല്ലാവരുടെയും ബില്‍ ശതകോടീശ്വരന്മാര്‍ അടച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
പ്രശസ്തമായ ഒരു ദക്ഷിണ കൊറിയന്‍ റെസ്റ്റോറന്റിലാണ് സാധാരണ കൂടിക്കാഴ്ച നടന്നത്. വേദി തിരഞ്ഞെടുത്തത് എന്‍വിഡിയയാണെന്ന് കൊറിയന്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശതകോടീശ്വരന്മാരായ മൂന്നുപേരും ‘ലവ് ഷോട്ട്’ രീതിയില്‍ മദ്യപിക്കുന്നത് റെസ്റ്റോറന്റിന് പുറത്തുനിന്ന് പകര്‍ത്തിയ ഒരു വീഡിയോയിലുണ്ട്. കൊറിയില്‍ പ്രചാരമുള്ള ഒരു രീതിയാണിത്. ഇതില്‍ രണ്ടുപേര്‍ കൈകള്‍ കോര്‍ത്ത് മദ്യപിക്കും. ഇത് സാധാരണയായി ദമ്പതികള്‍ക്കിടയിലാണ് കാണാറുള്ളതെങ്കിലും അടുപ്പത്തെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ്.
വീഡിയോ വൈറലായതോടെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതികരണങ്ങളാണ് ദൃശ്യമായത്. ‘അവര്‍ എന്തോ പുതിയ പദ്ധതിയിടുന്നുണ്ട്. അവര്‍ ഓട്ടോണമസ് ഡ്രൈവിംഗ് ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് തോന്നുവെന്ന് ഒരാള്‍ പറഞ്ഞു. എന്‍വിഡിയ ചിപ്പുകളും ലേണിംഗ് എന്‍വയോണ്‍മെന്റും, സാംസങ് ഫാബുകളും ക്യാമറകളും, ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹന നിര്‍മ്മാണം എന്നിവയെ ബന്ധപ്പെടുത്തിയും ചിലര്‍ കമന്റിട്ടു.
അതിനിടെ, തങ്ങള്‍ക്ക് ഒരുപാട് പ്രഖ്യാപനങ്ങള്‍ നടത്താനുണ്ടെന്ന് ഹുവാങ് മാധ്യമങ്ങളോട് പറഞ്ഞു. ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ (APEC) ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് ജെന്‍സന്‍ ഹുവാങ്, ലീ ജെ-യോങ്, ചുങ് എയു-സന്‍ എന്നിവര്‍ ദക്ഷിണ കൊറിയ സന്ദര്‍ശിച്ചത്.



