Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവികസനത്തോടൊപ്പം ക്ഷേമത്തിനും മുൻതൂക്കം നൽകിയത് ഭരണ നേട്ടം: ദോഹയിൽ മലയാളോൽസവം പരിപാടിയിൽ മുഖ്യമന്ത്രി

വികസനത്തോടൊപ്പം ക്ഷേമത്തിനും മുൻതൂക്കം നൽകിയത് ഭരണ നേട്ടം: ദോഹയിൽ മലയാളോൽസവം പരിപാടിയിൽ മുഖ്യമന്ത്രി

ദോഹ: വികസനത്തോടൊപ്പം ക്ഷേമത്തിനും മുൻതൂക്കം നൽകിയതാണ് കഴിഞ്ഞ 9 വർഷത്തെ ഭരണ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 600 രൂപ മാത്രമായിരുന്ന ക്ഷേമ പെൻഷൻ 18 മാസം കുടിശികയായിരിക്കുമ്പോഴാണ് 2016ൽ തന്റെ സർക്കാർ അധികാരമേറ്റത്. കുടിശിക മുഴുവൻ കൊടുത്തു തീർക്കലായിരുന്നു മന്ത്രിസഭയുടെ ആദ്യ അജൻഡ. പിന്നീട് അതു വർധിപ്പിക്കാൻ തീരുമാനിച്ചു. 1600 രൂപവരെയായി. വീണ്ടും വർധിപ്പിച്ച് 2000 രൂപയാക്കി. കേരളം അതിദാരിദ്രരില്ലാത്ത സംസ്ഥാനമായതിൽ ക്ഷേമ പ്രവർത്തനങ്ങൾക്കു വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദോഹയിൽ സംഘടിപ്പിച്ച മലയാളോൽസവം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ പ്രഖ്യാപിച്ച പുതുക്കിയ ക്ഷേമ പെൻഷനുകൾ ഏതെങ്കിലും കാലത്തു കൊടുക്കാനല്ല, നാളെ മുതൽ ഓരോരുത്തർക്കും ലഭിക്കും. വീട്ടമ്മമാർക്ക് സുരക്ഷാ പെൻഷനും നാളെ മുതൽ  ലഭിക്കും. സർക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ തെരുവിൽ ഇറങ്ങി ആഹ്ലാദ പ്രകടനം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 9 വർഷത്തിനിടെ ഒരുപാട് ദുരന്തങ്ങൾ കേരളത്തിനു നേരിടേണ്ടി വരുന്നു. അതിൽ തകർന്നു പോയില്ല. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ കഴിഞ്ഞതാണ് നേട്ടമായത്. 13.11 ലക്ഷം കോടി രൂപയാണ് ആഭ്യന്തര ഉൽപാദനം. 

തനത് നികുതി വരുമാനത്തിൽ കഴിഞ്ഞ 4 വർഷവും വർധനയുണ്ടായി. 4 വർഷം മുൻപ് 47000 കോടി രൂപയായിരുന്നത് ഇപ്പോൾ 87000 കോടി രൂപയായി വർധിച്ചു. തനതു വരുമാനം 1.04 ലക്ഷം കോടിയായി വർധിപ്പിച്ചു. കേരളത്തിന്റെ പൊതുകടം കുറച്ചു കൊണ്ടു വന്നു. ആകെ വരുമാനത്തിന്റെ 60 ശതമാനവും തനതു വരുമാനമാണ്. അസാധ്യമായതിനെ കേരളം സാധ്യമാക്കി. ഒന്നും തടസ്സമായില്ല. ഏതു പ്രതിസന്ധിയെയും അതിജീവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  

നോർക്ക ഡയറക്ടർ സി.വി. റപ്പായി അധ്യക്ഷനായിരുന്നു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ താനി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി,  ജി.കെ. മേനോൻ, സ്വാഗത സംഘം ചെയർമാൻ ഇ.എം. സുധീർ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments