തിരുവനന്തപുരം: കോൺഗ്രസിനകത്ത് ഇപ്പോൾ സമാധാനപരമായ അന്തരീക്ഷമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സുധാകരൻ. നിലവിലുള്ള ഐക്യം മുറുകെ പിടിക്കുകയാണെങ്കിൽ കോൺഗ്രസിന് മറ്റൊന്നും ആവശ്യമില്ല. ഡൽഹി ചർച്ച ഫലപ്രദമായിരുന്നുവെന്നും പുതിയ കോർ കമ്മിറ്റി പാർട്ടിയിലെ നേതാക്കൾക്കിടയിലെ തർക്കങ്ങൾ തീർക്കാൻ ഉപകരിച്ചുവെന്നും സുധാകരൻ പറഞ്ഞു.
‘കോൺഗ്രസിനകത്ത് ഒരു സമാധാനം കൈവന്നിട്ടുണ്ട്. നല്ല അന്തരീക്ഷത്തിലേക്കാണ് കോൺഗ്രസ് പോകുന്നത്. നിലവിലുള്ള ഐക്യം മുറുകെ പിടിക്കുകയാണെങ്കിൽ കോൺഗ്രസിന് മറ്റൊന്നും ആവശ്യമില്ല. ധൈര്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനാകുമെന്നാണ് വിശ്വാസം. പൊതുഖജനാവിനെ കട്ടുമുടിച്ച് അച്ഛനും മക്കളും നശിപ്പിച്ചുകൊണ്ടിരിക്കുന്ന സർക്കാരിന് ആര് വോട്ട് നൽകാനാണ്? സിപിഎം പാർട്ടിക്കകത്ത് പോലും സമാധാനമില്ല. ഇവർക്ക് കേരളത്തിലെ ജനത ഇനിയുമൊരു അവസരം നൽകുമെന്ന് ഞാൻ കരുതുന്നില്ല.’ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.



