അബുദാബി: വിദേശത്തുവച്ച് പാസ്പോർട്ട് നഷ്ടപ്പെട്ട ഗോൾഡൻ വീസ ഉടമകൾക്ക് യുഎഇയിലേക്കു തിരിച്ചുവരാൻ 30 മിനിറ്റിനകം സൗജന്യ റിട്ടേൺ പെർമിറ്റ് നൽകുന്ന പദ്ധതി ആരംഭിച്ചു. ഈ പെർമിറ്റ് ഉപയോഗിച്ച് ഒരു തവണ യുഎഇയിലേക്കു പ്രവേശിക്കാമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ പെർമിറ്റ് ഉപയോഗിച്ച് മറ്റു രാജ്യങ്ങളിലേക്കു യാത്രാനുമതി ലഭിക്കില്ല.
ഗോൾഡൻ വീസ ഉടമകളുടെ ആശ്രിതരും പദ്ധതിയിൽ റജിസ്റ്റർ ചെയ്തവരുമായ ജീവിത പങ്കാളി, മക്കൾ എന്നിവർക്കും ഈ ആനുകൂല്യം ലഭിക്കും. ഗോൾഡൻ വീസ ഉടമകൾക്കുള്ള എമർജൻസി ആൻഡ് ക്രൈസിസ് സപ്പോർട്ട് സർവീസ് യാത്രകളിൽ ലഭ്യമാകുമെന്നും അടിയന്തിര സഹായത്തിനു അതാതു രാജ്യങ്ങളിലെ യുഎഇ എംബസികളെയോ കോൺസുലേറ്റിനെയോ സമീപിക്കണമെന്നും വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഗോൾഡൻ വീസക്കാരെ അടിയന്തര ഘട്ടങ്ങളിൽ ഒഴിപ്പിക്കും. ഗോൾഡൻ വീസക്കാർക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺസിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുമായി (ഐസിപി) സഹകരിച്ചാണ് പദ്ധതി.
യുഎഇ പാസ് ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ഐസിപി വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ റിട്ടേൺ പെർമിറ്റ് അപേക്ഷിക്കാം. നഷ്ടപ്പെട്ട പാസ്പോർട്ട് റിപ്പോർട്ടിന്റെ പകർപ്പ്, ഗോൾഡൻ വീസ വിശദാംശങ്ങൾ, ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിച്ച് അര മണിക്കൂറിനകം നൽകുന്ന റിട്ടേൺ പെർമിറ്റിന് 7 ദിവസമായിരിക്കും കാലപരിധി. ഇതിനകം യുഎഇയിൽ തിരിച്ചെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും സേവനം ലഭ്യമാകുന്ന ഹോട്ട് ലൈനും (+971 24931133) ഏർപ്പെടുത്തിയിട്ടുണ്ട്.



