സാൻ ഫ്രാൻസിസ്കോ : യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് മംഗോളിയയിൽ അടിയന്തര ലാൻഡിങ്. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ നടപടിയായാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന ബോയിങ് 777 വിമാനം മംഗോളിയയിലെ ഉലാൻബാതറ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
സാങ്കേതിക തകരാറുണ്ടെന്ന് വിമാന ജീവനക്കാർ സംശയിച്ചതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി ആണ് വിമാനം നിലത്തിറക്കിയത്. വിമാനത്തിൽ പരിശോധന നടന്നു വരികയാണ്. അപ്രതീക്ഷിത സാഹചര്യത്തെ തുടർന്ന് യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. ‘എയർ ഇന്ത്യയിൽ, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുൻഗണന,’ എന്ന് കുറിപ്പിൽ പറഞ്ഞു.
യാത്രക്കാരുടെ താമസത്തിനായി ഹോട്ടൽ, ഭക്ഷണ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എയർലൈൻ അറിയിച്ചു. യാത്രക്കാരെ എത്രയും വേഗം ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിന് ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു



