ഷാർജ : ലോക സാഹിത്യത്തിന്റെ മഹാമേളയിലൊന്നായ ഷാർജ രാജ്യാന്തര പുസ്തകമേള 2025 (എസ്ഐബിഎഫ്25) 44-ാം പതിപ്പിന് ഷാർജ അൽ താവൂനിലെ ഷാർജ എക്സ്പോ സെന്ററിൽ കൊടിയേറി. രാവിലെ യുഎഇ സുപ്രീം കൌൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു. ഇതുമായി ബന്ധപ്പെട്ട വിവിധ ചടങ്ങുകളിൽ പങ്കെടുത്ത അദ്ദേഹം പുസ്തകമേള ചുറ്റിക്കാണുകയും ചെയ്തു.
പൊതുജനങ്ങൾക്ക് സൗജന്യപ്രവേശനമാണ്. എന്നാൽ ഉദ്ഘാടനദിവസമായ ഇന്ന് ഉച്ചയ്ക്ക് 2ന് ശേഷമാണ് പ്രവേശനം. വേദിയിലേയ്ക്കുള്ള റോഡുകളിൽ തിരക്കേറുമെന്നതിനാൽ ബദൽ സംവിധാനങ്ങൾ തേടണമെന്ന് ഷാർജ പൊലീസിന് ഇതിനിടെ പൊതുജനങ്ങൾക്ക് സന്ദേശമയച്ചു. ഈ മാസം 16 വരെ നടക്കുന്ന പുസ്തകമേളയിൽ 118 രാജ്യങ്ങളിൽ നിന്നുള്ള 2,350-ലേറെ പ്രസാധകരും പ്രദർശകരും പങ്കെടുക്കും



